Sunday, December 5, 2010
പി.രാമന്റെ കവിതകള്‍
പകല്‍പോലെ വ്യക്തം
തളത്തിലെ തറയിലൂടെ
എന്നും രാത്രി ഒന്നേകാലിന്
കൂറ ഉലാത്തിക്കൊണ്ടിരുന്നു
നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി
മുറിയിലതു നീങ്ങുന്നത്
പലരാത്രി കണ്ടതില്‍പ്പിന്നെയാണ്
യാദൃശ്ചികമായി ഞാനാദ്യം
ക്ലോക്കില്‍ നോക്കിയത്
പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി
കൃത്യം ഒന്നേകാല്‍
കൃത്യം അതേ കൂറതന്നെയോ
എന്നറിയാന്‍ എന്തുവഴി?
തറയിലതിന്റെ തഴക്കം കണ്ടാല്‍
അങ്ങനെത്തന്നെ
എങ്കില്‍ എങ്ങനെയത്
ഇത്ര കൃത്യം സമയമറിയുന്നു?
എന്തിന് രാത്രിസ്സവാരിക്ക്
ഇതേ സമയം തിരഞ്ഞെടുക്കുന്നു?
നിഗൂഢവും അത്ഭുതകരവുമായ ഒന്ന്
നിത്യവും ഈ തളത്തില്‍ സംഭവിക്കുന്നു
അതൊന്നും കൂസാതെ
നമ്മള് നടക്കുന്നു എന്നേയുള്ളൂ
കുഞ്ഞിമോന് തുള്ളിക്കളിക്കുന്നു എന്നേയുള്ളൂ
അടിക്കുന്നു, തുടയ്ക്കുന്നു,
പല്ലു പുളിക്കുന്ന ശബ്ദത്തില്‍ നമ്മള്
കസേലകള്‍ വലിച്ചുനീക്കുന്നു
എന്നേയുള്ളൂ.
ഒരു കവിയുടെ നീണ്ട മൌനം
ഒരു താള് മറിക്കുംപോലെ
ഒരുകൂട്ടം മനുഷ്യരെ വിട്ടു ഞാന്‍ പോന്നാല്‍,
പിന്നീടതേക്കുറിച്ചെഴുതിയാല്,
ഓരോ പുറവും
ഒരുകൂട്ടം മനുഷ്യരെ വിട്ടുപിരിയുന്ന ഹൃദയത്തോടെ
ആളുകള്‍ മറിച്ചാല്‍,
ആ ഹൃദയഭാരം
ലോകം എങ്ങനെ താങ്ങും?
അതാണ്
ഈ നീണ്ട മൗനം
ഞാനാണെങ്കില്‍
മനുഷ്യക്കൂട്ടങ്ങളെ
വിട്ടുപോന്നുകൊണ്ടേയിരിക്കുന്നു,
കടവുകളില്‍നിന്ന്
ഊര്‍ന്നുപോകുന്ന
പുഴപോലെ
വക്കുകളുടേയും മുനകളുടേയും വലയില്‍
വക്കുകളുടേയും മുനകളുടേയും വലയില്‍ക്കുടുങ്ങി
നിന്റെ കുഞ്ഞുതല
കുഞ്ഞുമുഖത്തെ കുസൃതിച്ചിരിക്കുമേല്‍
കൃഷ്ണമണിക്കരിനോട്ടത്തിനും മേല്‍
നെറ്റിയെ
നെറുകയെ
പിന്‍കഴുത്തിനെ
ലക്ഷ്യമിട്ട് തുറിച്ചുനോക്കുന്നു
ഓരോ വക്കും ഓരോ മുനയും
അതുകാണാന്‍മാത്രം മുതിര്‍ന്നിട്ടില്ല
നിന്റെ കൃഷ്ണമണിക്കരിനോട്ടം
ഇനിയും
നിന്നെ നോക്കി ചോരകുടിച്ച ആദ്യത്തെ ഓന്ത്
അനേകം അരികുകളും വക്കുകളും
മുനകളും മൂര്‍ച്ചകളുമുള്ള ഈ മുറി തന്നെ
നീ പൊക്കംവയ്ക്കുന്നതനുസരിച്ച്
വക്കുകളും മുനകളും കൂടുതല്‍ പൊക്കത്തേയ്ക്ക്
കേറിയിരിക്കുന്നു
അവ പതുങ്ങി തക്കംപാര്‍ക്കുന്ന
ഒറ്റമരബോണ്സായ് കാടുകള്‍ മുറി നിറയെ
സ്റ്റൂളുകള്‍ കസേരകള്‍
കൊച്ചുദൈവത്തിന്റെ കുഞ്ഞുതല കാണാം
ചുവരിലെ ചിത്രത്തില്‍
വക്കും മുനയുമില്ലാത്ത
ഒരു പ്രകാശവലയത്തില്‍ കുടുങ്ങി
കാത്തിരുന്നു കാണാം
വളഞ്ഞുപുളഞ്ഞ കഴുത്തുള്ള വെളുത്ത കൊറ്റികള്‍
ആ മരം അവിടെയില്ലെങ്കില്‍
വരുംകൊല്ലമെന്തുചെയ്യും?
ആയിരക്കണക്കിനു നാഴിക താണ്ടിയ ക്ഷീണം
ആ ചെറിയ മരത്തില്‍
ആണ്ടിലൊരിയ്ക്കല്‍ എത്തുന്നു
നൂറ്റാണ്ടുകള്‍ക്കുമുമ്പേ കെട്ടുപൊട്ടിപ്പോയ
നീണ്ട വെള്ളനാടയുള്ള പട്ടം
കാലം കടന്നിട്ടും വെണ്മ മങ്ങാതെ
ചില്ലപ്പരപ്പില്‍
അലസമായിവന്നു തങ്ങിയപോലെ
ഒരിക്കല്‍ ഞാന്‍ കണ്ടപ്പോള്‍
അപ്പോള്‍ ചിറകൊതുക്കിയേ ഉള്ളൂ എന്ന മട്ടില്‍
അവ തളര്‍ന്നു കുഴഞ്ഞിരുന്നു
പിന്നൊരു കൊല്ലം കണ്ടപ്പോള്‍
ഒരു പ്രത്യേക നൃത്തം ചെയ്ത്
ക്ഷീണമാറ്റിക്കൊണ്ടിരുന്നു
അടുത്ത വര്‍ഷം
ആ മരം അവിടെയില്ലെന്ന്
യാത്ര തുടങ്ങുമ്പൊഴേ അവയറിയുമോ?
അറിയാതെ പറന്നെത്തി
കാണാതെ വട്ടം ചുറ്റുമോ?
അടുത്ത മരം തെരഞ്ഞെടുക്കുമോ?
ആ മരം ഒരു ശീലമാക്കുമോ?
അതോ,
ഒന്നു ചിറകണയ്ക്കുകപോലും ചെയ്യാതെ
തിരിച്ചുപറക്കുമോ?
ഇനിയൊരിക്കലും
ഇതിലേ വരേണ്ട എന്ന തീരുമാനം
ചിറകുകൊണ്ടും കൊക്കുകൊണ്ടും
അവ പ്രഖ്യാപിക്കുമോ?
ആ വീട്
അവിടെയില്ലെങ്കില്‍
ആ മനുഷ്യന്
അവിടെയില്ലെങ്കില്‍
ഞാനങ്ങനെ പ്രഖ്യാപിക്കുമോ?
എന്റെ കൊക്കുകൊണ്ടും ചിറകുകൊണ്ടും?
എണീറ്റുപോകുന്നവരോട്
എണീറ്റുപോകുമ്പോള്‍
ഒന്നു തിരിഞ്ഞുനോക്കുക;
നിങ്ങള്‍ ഇത്രകാലം
പതിഞ്ഞ്, ഉരഞ്ഞുപോയ
പരുപരുപ്പിനെ.
ഈ മിനുസം,
ഇനി ഞാന്‍ എങ്ങനെ സഹിക്കും?
പൊയ്ക്കൊള്ളിന്‍!
പക്ഷെ, എന്റെ പിറുപിറുപ്പ്
നിങ്ങളുടെ തൊട്ടുപിന്നില്‍ത്തന്നെയുണ്ട്.
'ഇരിക്കുമ്പോള്‍
ചന്തിചെന്ന്
നരകത്തില്‍ തട്ടട്ടെ' എന്ന്.
പേരില്ലാക്കവിത
ആസ്പത്രിവിട്ട്
ഇന്നലെ വന്ന ഞാന്‍
രാവിലെ ഉണര്‍ന്നപ്പോള്‍
സൂര്യരശ്മി തിളങ്ങുന്ന
ഒരിളം മഞ്ഞുതുള്ളി
വായുവിന്റെ സ്ഫടികഞ്ഞരമ്പിലൂടെ
ഇടറിവീണ്
താഴേയ്ക്ക് ഊര്ന്നുപോകുന്നത്
കണ്ടു.
ഭ്രമിച്ചുപോയ എന്റെ ഏകാന്തത
പെട്ടെന്നു കൈ നീട്ടി
സ്ഫടികഞ്ഞരമ്പ്
വിരലില്‍ തടഞ്ഞു.
ഉണര്‍ന്നപ്പോള്‍
വീടിന്റെ പിന്നില്‍
കനത്തു കരിനീലിച്ച്
കൂര്‍ത്തുമൂര്‍ത്തുനിന്ന
കൊടുമുടികള്‍
സന്ധ്യയായതോടെ
സ്വര്‍ണ്ണരശ്മികള്‍ പാളിവീണതിനാലാവാം
ഒന്നൂതിയാല്‍ പാറിപ്പോകാവുന്ന
സുതാര്യമായ
പൊടിക്കൂനകളായി
കാണപ്പെട്ടു.
ഭ്രമിച്ചുപോയ എന്റെ ഏകാന്തത
ആ കൂനകളെ
മൃദുവായി ഒന്നൂതിനോക്കി.
കവിതകള്‍
1
രണ്ടു മടിയന്മാരുണ്ടായിരുന്നു,
ഒരു മനുഷ്യന്, ഒരു പൂവ്.
ചാലുകീറി
മണല്‍ലോറി വന്ന്
ഹോട്ടലുകള്‍ ചീഞ്ഞ സാധനങ്ങള്‍
പാതവക്കില്‍ കൊണ്ടിട്ട്
കുന്നിടിച്ച്
ഓട തുറന്ന്
ഇരുമ്പുകമ്പികള്‍ ഉയര്‍ന്നുനിന്ന്
ടാര്‍വീപ്പ ഉരുണ്ടുവന്ന്
ലോകം സ്വയം പണിഞ്ഞുകൊണ്ടിരിക്കുന്നതിന്നുള്ളില്‍
വലിയ മേല്‍പ്പാലത്തിന്റെ നിഴലില്‍
നീണ്ടുനിവര്‍ന്നുകിടക്കുന്ന ഒരു മനുഷ്യനെ
സൂര്യനു ചുറ്റും കറങ്ങുന്നതിനിടെ
ദിവസത്തില്‍ പലതവണ
ഞാന്‍ കണ്ടു.
പൂവ്, പാര്‍ക്കിലായിരുന്നു.
മറ്റുപൂക്കള്‍ വിരിഞ്ഞുനില്ക്കുന്ന കൊടുംപകലില്‍
ഒരുപാടുവട്ടം കൂമ്പാന്‍ തുനിഞ്ഞുകൊണ്ടിരുന്ന
ആ പൂവിനെ
പാര്‍ക്കിനു പുറത്തെ
മിന്നല്‍പ്പിണരുപോലുള്ള തെരുവില്‍നിന്ന്
ദിവസത്തില്‍ അത്രതന്നെ തവണ
ഞാന്‍ നോക്കിക്കണ്ടു.
2
ആദ്യദിവസംതന്നെ മനസ്സിലായി
ആത്മഹത്യയാണ് ഈ നാട്ടിലെ
മുഖ്യവിനോദം.
ആറിനോടൊപ്പം താഴേയ്ക്കു കുതിക്കുന്ന കലയില്‍
വിദഗ്ദ്ധര്‍.
ഇത്ര അഴകുള്ള ഇവിടെ
ഇന്നുവന്ന എനിക്ക്
ഒറ്റക്കാരണമേ
ഇതിനു പറയാനുള്ളൂ.
പൂക്കളുടെ നിറം.
പൂക്കളുടെ നിറത്തിന്
കൊല്ലന്തോറും കടുപ്പം കൂട്ടുകയാണ്
ഇവിടുത്തെ മണ്ണെന്ന്
ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിന്നു
ഇവിടെക്കണ്ട മനുഷ്യമുഖങ്ങള്‍.
3
വയസ്സ്
ഭൂമി
സ്വന്തം പ്രായം കണക്കാക്കി
എഴുതിസ്സൂക്ഷിച്ചിരിക്കുന്നത്
ഇവിടെയാണ്.
കുറുമരക്കാട്ടില്‍
പൊങ്ങിക്കാണുന്ന കള്ളിത്തലപ്പുകള്‍
കൂട്ടിവായിച്ചുനോക്കൂ.
ഭൂമിയുടെ പ്രായമറിഞ്ഞു.
ഈ ഗ്രാമത്തിന്റെ വയസ്സോ?
മനുഷ്യന്റെ പ്രായം കുറിച്ചിട്ട
പുരാതനഗുഹയുണ്ട്
കുറച്ചുമാറി.
മനുഷ്യന്റെ പ്രായമറിഞ്ഞു.
എന്റെ വയസ്സ്
അളക്കാറായിട്ടില്ല.
കുറച്ചുകൂടിച്ചെന്നാല്‍
സര്‍ക്കാരാപ്പീസുകളായി.
കൃഷിയിടങ്ങളുടേയും കെട്ടിടങ്ങളുടേയും ഫയലുകള്‍
കക്ഷത്തുവെച്ച്.
ചോലക്കാട്ടില്‍
കൃഷിക്കളത്തില്‍
റോഡില്‍
പാലത്തില്‍
കെട്ടിടത്തിനുള്ളില്‍
വെച്ച്
നീണ്ടയാത്രകളുടെ നാള്‍വഴിക്കണക്കുകളെ
ആന ചവിട്ടിക്കൊന്നതില്‍പ്പിന്നെ
ഈ ഗ്രാമത്തിലെ ആരുടേയും വയസ്സ്
ആര്‍ക്കുമറിയില്ല.
ആദ്യത്തെ വാക്കുകള്‍
ഉമ്മറത്തിണ്ണയില്ത്തന്നെ
പുതിയൊരു വാക്കുമൊത്ത് കളിച്ചിരിപ്പുണ്ട് നീ
ആഴ്ചതോറും ഞാനെത്തുമ്പോള്‍
'അമ്മിന... പെറ്റി... കുപ്പി... മഴ... കോഴി... ആച്ചുകുടും... '
നിന്റെ തീരത്ത്
തെരഞ്ഞെടുത്ത വാക്കുകള്‍ മാത്രം
ഇരുന്നു കളിക്കുന്നു
എത്ര ശ്രദ്ധിച്ചിട്ടും മനസ്സിലാവുന്നില്ല
ഏതരിപ്പകൊണ്ടാണു നീ
അരിച്ചെടുക്കുന്നത്?
ആദ്യം തെരഞ്ഞെടുത്ത വാക്കുകള്‍
നിന്റെ തീരത്ത് അനശ്വരമായി ഇരിക്കുമെങ്കില്,
അനശ്വരതയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലെങ്കിലും
ഇരിക്കുമെങ്കില്,
കോടിക്കണക്കിന് വാക്കുകള്‍
കൂടിക്കുഴഞ്ഞുകിടക്കുന്നതില്നിന്ന്
അവയെ തിരിച്ചറിയാന്‍
നാളെ നിനക്കു കഴിയാതെവരുമോ
എന്നു കരുതിയാണ്
നീ ആദ്യം ഉച്ചരിച്ച വാക്കുകള്‍
ഞാന്‍ ഇപ്പോള്‍ കുറിച്ചിടുന്നത്:
'അമ്മിന... പെറ്റി... കുപ്പി... മഴ... കോഴി... ആച്ചുകുടും... '
പാറയുടെ കഥ
കുന്നിന് മുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ പാറ
പാടത്തെ ചെളിയ്ക്കിടയിലൂടെ
ഊളിയിട്ട്
കോളനിയിലെ കിണറ്റില്‍ പൊന്തി.
രണ്ടുകോല്ക്ക് വെള്ളമുള്ള കിണറ്റില്‍
ഇന്നലെ അബദ്ധത്തില്‍ വീണവള്‍
മരിച്ചത് വെള്ളം കുടിച്ചല്ല
മുഖം തകര്‍ന്ന്.
കുഴിച്ചിടാന്‍ കിളയ്ക്കുമ്പോള്‍
ആദ്യത്തെ കിള
പാറയില്‍ത്തട്ടി
തീപാറി.
പിന്നെ കിളയ്ക്കരുതാത്തതിനാല്
വിറകു വിലയ്ക്കു വാങ്ങി
തീ പടര്‍ത്തി.
വീടിനെക്കുറിച്ച്
വെക്കാനാഗ്രഹിക്കുന്ന
വീടിനെക്കുറിച്ച്
പറഞ്ഞുപറഞ്ഞ്
ഒരു കോളനിതന്നെ
നമ്മളുണ്ടാക്കി
വാക്കുകളുടേത് എന്നോ
സ്വപ്നങ്ങളുടേത് എന്നോ
വീടുകളുടേത് എന്നോ
വ്യക്തമല്ലാത്ത
ഒരു കോളനി
അങ്ങോട്ടുള്ള വഴി
ഒരു ടാര്‍പാത പോലെ കാണാം
നമ്മള് ഉറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ രാക്കീറുകള്‍
ചേര്‍ന്നുചേര്‍ന്നുണ്ടായത്
നമ്മളുറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ
വാക്കുകളാല്‍
തെളിഞ്ഞു കേള്‍ക്കാവുന്നത്.
Subscribe to:
Posts (Atom)