Sunday, February 26, 2012

പവിഴമല്ലി - സുഗതകുമാരി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.