Sunday, February 26, 2012

എവിടെ ജോണ്‍ ? - ബാലചന്ദ്രൻ ചുള്ളിക്കാട്

1 
തരിക നീ 
പീതസായന്തനത്തിന്റെ നഗരമേ
നിന്റെ വൈദ്യുതാലിംഗനം.


കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -

ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍ 
തുറമുഖത്തിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ ലോഹനൗകകള്‍

അരുത്

നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ 

ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്‍റെ ലൈലാകഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാ-

ത്തെരുവുകള്‍ .

ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍ .

2
 
പകലോടുങ്ങുന്നുന്നു
സോഡിയം രാത്രിയില്‍ -
പ്പകരുകയാം നഗരാര്‍ത്ഥജാഗരം

തെരുവ് 

രൂപങ്ങള്‍തന്‍ നദി.
വിച്ഛിന്നഘടനകള്‍ തന്‍ ഖരപ്രവാഹം
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം.


കരിപിടിച്ച ജനിതകഗോവണി-

പ്പടി കയറുന്നു രാസസന്ദേശങ്ങള്‍ .

3
 
ഇരുപതാം നമ്പര്‍ വീട്.
അതെ മുറി.
ഒരു മെഴുതിരി മാത്രമെരിയുന്നു.


നയനരശ്മിയാല്‍പ്പണ്ടെന്‍ ഗ്രഹങ്ങളെ-

ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറിക്കിടക്കുന്നു തൃഷ്ണതന്‍
ശമനമില്ലാത്തൊരംഗാരശയ്യയില്‍

"എവിടെ ജോണ്‍..?"
സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
"അവനു ഞാനല്ല കാവലാള്‍ .പോവുക."

4
 
പരിചിതമായ ചാരായശാലയില്‍
നരകതീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :

"ഇന്ന് ജോണിവിടെ വന്നുവോ..?"

പൊട്ടിച്ചിരിച്ചുകൊണ്ടൊരു പരിചയം

ഗ്ലാസു നീട്ടുന്നു:

"താനെവിടെയായിരുന്നിത്രനാളും കവേ?
ഇതു ചെകുത്താന്റെ രക്തം. കുടിക്കുക."

"ഇവിടെയുണ്ടായിരുന്നു ജോണ്‍ . എപ്പോഴോ 

ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറി നിര്‍ത്തി, അവനിറങ്ങിപ്പോയി."


"അവനു കാവലാളാര് ?
ഈ ഞങ്ങളോ? "

ജലരഹിതമാം ചാരായം
ഓര്‍ക്കാതെയൊരു കവിള്‍ മോന്തി
അന്നനാളത്തിലൂ

ടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.

5
 
പഴയ ലോഡ്ജില്‍ 
കൊതുകുവലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.


ഞാനവിടെ മുട്ടുന്നു:
 "ജോണിനെക്കണ്ടുവോ..?"
 "പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ .
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ 

സര്‍പ്പസാന്നിദ്ധ്യം.
എന്റെയിപ്പടി കയറുവാന്‍ പാടില്ല 

മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍."

പടിയിറങ്ങുന്നു ഞാന്‍ . കശേരുക്കളില്‍ -

പ്പുകയുകയാണു ചുണ്ണാമ്പുപൂവുകള്‍ .6 
വിജനമാകുന്നു പാതിരാപ്പാതകള്‍ .
ഒരു തണുത്ത കാറ്റൂതുന്നു
ദാരുണസ്മരണപോല്‍
ദൂരദേവാലയങ്ങളില്‍ 

മണി മുഴങ്ങുന്നു.

എന്നോട് പെട്ടന്നൊ-

രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:

"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
 മുട്ടുക്കുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :

"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." ***

7
 
ഇവിടെ 
ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റു കുരിശുരാത്രിതന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞു പെയത്പെയ്ത്
ആത്മാവു കിടുകിടയ്ക്കുന്നു.
മാംസം മരയ്ക്കുന്നു.

എവിടെ ജോണ്‍ ,
ഗന്ധാകാമ്ലം നിറച്ച നിന്‍

ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍ 

ധൂമവസനമൂരിയെറിഞ്ഞ 
ദിഗംബരജ്വലനം?

No comments: