വിണ്ണിൻ, ഇറയത്തു കിടപ്പവളേ...
ഇനിയെന്തെൻ സീതേ വസുധേ,
ഇമയറ്റു മിഴിപ്പവളെ,
ഇതൾ കൊഴിയും പൂവായ് ,
വിണ്ണിൻ ഇറയത്തു കിടപ്പവളേ...
ഇടറുന്ന നിലാവിൻ ചന്ദനം
എരിയുന്നു നിന്നുടെ മുന്നിൽ
ഇഴപൊട്ടി പിടയും കാറ്റല
കരയുന്നു, നിന്നുടൽ ചുറ്റി
ശൂന്യതയുടെ ഹൃദയച്ചിമിഴിൽ
വിൺഗംഗാ ബാഷ്പവുമായി
അന്ത്യോദകം അരുളാനാവാം
വിങ്ങുന്നു വിശ്വപ്രകൃതി
ശൂന്യതയുടെ ഹൃദയച്ചിമിഴിൽ
വിൺഗംഗാ ബാഷ്പവുമായി
അന്ത്യോദകമരുളാനാവാം
വിങ്ങുന്നൂ വിശ്വപ്രകൃതി
ഇര തേടും ദാഹശരത്താൽ
ഇണ വീണതു കണ്ടൊരു കോകം
കുരൽപ്പൊട്ടി കരയേ കരളിൽ
തടപൊട്ടി മുൻപെൻ ശോകം
ഇണ ദൂരെ എറിഞ്ഞൊരു പെണ്ണിൻ
വനരോദന ഗംഗയിൽ നിന്നും
ഒരു രാമായണശിഖിയായി
ഉറപൊട്ടി പിന്നെൻ ഹൃദയം
വൽമീകം വളരുവതിപ്പോൾ
വടുകെട്ടും കരളിൽ മാത്രം
വാക്കിൻ കുയിൽ പാടുവതുള്ളിൻ
വടവൃക്ഷപ്പൊത്തിൽ മാത്രം
വൽമീകം വളരുവതിപ്പോൾ
വടുകെട്ടും കരളിൽ മാത്രം
വാക്കിൻ കുയിൽ പാടുവതുള്ളിൻ
വടവൃക്ഷപ്പൊത്തിൽ മാത്രം
മാതാവേ മകളേ നിൻ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിൻ കഥ
നാന്മറയും താങ്ങില്ലല്ലോ
മാതാവേ മകളേ നിൻ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിൻ കഥ
നാന്മറയും താങ്ങില്ലല്ലോ
എവിടെ നിൻ ഇന്ദ്രൻ
കാർമുഖം എവിടെ
മുകിൽ ദുന്ദുഭി എവിടെ
മായൂരച്ചിറകായാടിയ
മണിവർണ്ണപ്പീലികളെവിടെ
സീരായും ജതികൾ പാടിയ
സീതാതനയന്മാരെവിടെ
സോമാമൃതമൊഴുകിയ സാത്വിക
സാമസ്വര വേദികളെവിടെ
ഹലനഖരത്തളിരാൽ മാറിൽ
ഹർഷശ്രുതി പുത്രരൊഴുക്കെ
നിർവൃതിയുടെ സുശ്രുതകാവ്യ
പ്പൊരുളരുളിയ പൂവുകളെവിടെ
ഋതുസംക്രമമെന്നും ചാർത്തിയ
രമണീയ മുഖശ്രീയെവിടെ
ഋതുസംക്രമമെന്നും ചാർത്തിയ
രമണീയ മുഖശ്രീയെവിടെ
വനനന്ദനമേനി വളർത്തിയ
തരുയൌവ്വനസൌഭഗമെവിടെ
വിതയും വിളവേൽക്കും മേളവും
ഇതൾകൂട്ടിയ കേളികളെവിടേ
വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ
വിതയും വിളവേൽക്കും മേളവും
ഇതൾപൂട്ടിയ കേളികളെവിടേ
വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ
ഗന്ധവ നീ പൃഥ്വീ നീയാണെൻ
തനുവും ജീവനും അറിവേൻ
നിൻ തിരുവടി കൽപ്പിച്ചരുളും
മൺതരിയാണെന്നുടെ സ്വർഗ്ഗം
നിൻ തിരുവടി കൽപ്പിച്ചരുളും
മൺതരിയാണെന്നുടെ സ്വർഗ്ഗം
നിനവും കർമ്മങ്ങളും അറിവും
നിഖിലം നിൻ ലാവണ്യങ്ങൾ
അതിൽ അണ്ഡകടാഹം ഒതുക്കി
ആത്മാവു പൊരുന്നയിരുന്നു
നിനവും കർമ്മങ്ങളും അറിവും
നിഖിലം നിൻ ലാവണ്യങ്ങൾ
അതിൽ അണ്ഡകടാഹം ഒതുക്കി
ആത്മാവു പൊരുന്നയിരുന്നു
ബ്രഹ്മാമൃതഹംസമുണർന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവർന്നു
ബ്രഹ്മാമൃതഹംസമുണർന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവർന്നു
എന്നാലും ധാരിണി നിന്നിൽ
നിന്നല്ലോ ഞാനതറിഞ്ഞു..
എന്നാലും ധാരിണി നിന്നിൽ
നിന്നല്ലോ ഞാനതറിഞ്ഞു..
No comments:
Post a Comment