Friday, March 20, 2026

കാപ്പിരിക്കുട്ടി / ഷീജ വക്കം

വരിവരിയായ് പഞ്ഞിത്തത്തകൾ ഇളവേൽക്കും ചില്ലിൻകൂട്, കലമാനും റബ്ബർപ്പുലിയും കലരുന്നൊരു പ്ലാസ്റ്റിക് കാട്, മുറി നീളെ പച്ചവെളിച്ച- ത്തരിചിന്നിപ്പായും വാത്ത്, വെറുതേയൊരു കാറ്റുതൊടുമ്പോൾ തലയാട്ടും ബൊമ്മപ്പെണ്ണ്... ഇതിനെല്ലാമിടയിൽ നടന്നൂ, അതിവിസ്മയമാർന്നൊരു കുട്ടി,ഗതികിട്ടാക്കൺമുനയാലേ പരതുന്നൂ പാവക്കടയിൽ.. ഒരു പാവയെ വാങ്ങാനെത്തി അരുമക്കുഞ്ഞായി വളർത്താൻ, കഥ ചൊല്ലാൻ പാടിയുറക്കാൻ കൊതിതീരും വരെയുമൊരുക്കാൻ.. പല പാവകൾ നോക്കിയതൊന്നും അവളെപ്പോലല്ല തരിമ്പും, വെളുവെളെയാണുടലുകളെല്ലാം, തുടുതുടെയാക്കവിളുകളെല്ലാം. ഇമയിളകും നീലക്കണ്ണായ്, മുടിയൊഴുകും പൊൻനദിയലയായ്, നിറയെ ഫ്രില്ലുലയുമുടുപ്പായ്, അവർ മാത്രം മുന്നിൽ നിരന്നു. തൻമുടി പോലിരുളിൻ ചുരുളേ, തൻ ചൊടി പോൽ മലരും ചൊടിയേ, തൻ തൊലിമേൽ എണ്ണമിനുപ്പായ് പുരളും കാരെളളിൻനിറമേ ! തിരയുന്നു തൻ പ്രതിരൂപം കൊതിയോടെയിരുണ്ടൊരു കുട്ടി, അഴകിൻ കരകൗശലവേലയ് - ക്കറിയില്ലേ കാർനിറമൊട്ടും.. ? പെരുകുന്നൊരുപുതുനൈരാശ്യം, കരളുന്നറിയാത്തൊരു ദുഃഖം തലതാഴ്ത്തിച്ചുണ്ടുകടിച്ചാ പിടിവാശിക്കുട്ടിയിരിക്കെ, അതിലോലപ്പാവകൾ തിങ്ങും നിരയിൽ നിന്നേഴകലത്തായ് പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ ഒരു നോട്ടം കണ്ടുവൊരാളെ, കരിവാവിൻ വീപ്പയ്ക്കുള്ളിൽ കഴൽ വഴുതി മറിഞ്ഞു കുതിർന്നോ? അവിടെയതാ കൺമണിയായൊരു ചെറുകാപ്പിരിവാവ ചിരിപ്പൂ . അതിപരിചിതമാ മുഖഭാവം, അതിഗഹനമൊരാന്തരബന്ധം, പല പൂർവ്വികർ കോരിയ കണ്ണീർക്കിണറുകൾ പോലാമിഴിയാഴം! പുതുപാവകൾ തട്ടിമറിച്ചാ- ക്കരിയുണ്ണിയെ വാരിയെടുക്കെ, മഴയത്തൊരു കാപ്പിപ്പൂവി - ന്നിതൾ പോലുയിർ തെല്ലു വിറച്ചു. ചിലനേരം ചെമ്പകമലരിൻ മഴയാ;യപ്പൂപ്പൻതറയിൽ തിരിവെക്കുന്നേരം കാണാ- ത്തലമുറകൾ തഴുകുമ്പോലെ.. "പിറകിൽപ്പോയെന്തിനൊളിച്ചൂ, പറയൂ നീ കുഞ്ഞിപ്പാവേ..?" കഴിയുമ്പോൽ ശബ്ദം താഴ്ത്തി ചെവിയിൽച്ചോദിച്ചൂ കുട്ടി.. കരിമന്തിക്കുഞ്ഞെന്നാരോ കളിയാക്കി വിളിച്ചോനിന്നെ..? കളിനാടകമൊന്നിൽ നിനക്കും സ്ഥിരമാണോ കള്ളൻവേഷം? ചില കുട്ടികളൊപ്പമിരിക്കാ- നരുതെന്നു വിലക്കുന്നേരം ചെറുനാരകമുള്ളുരയുമ്പോൽ കരൾ കീറിനുറുങ്ങാറുണ്ടോ? ഒരുകാലത്തവരുടെ കീഴിൽ അടിയാൻമാരായ ചരിത്രം പല വേളകളോർമ്മിപ്പിക്കെ അറിയാതെ നടുങ്ങാറുണ്ടോ? ഇലയും പുൽക്കൊടിയും പൂവും, കടലും തെളിനീരും കാറ്റും ഒരുമാത്രയിൽ നിശ്ചലമായാ- ച്ചെറുശബ്ദം ചോദ്യമുതിർക്കെ, തിരിയുന്നൊരു ഭൂഗോളത്തി- ന്നണു തോറും മൂളലുയർന്നൂ..l പലഭാഷകളൊറ്റ സ്വരത്തിൽ അരുളുന്നാ നേരിനു സാക്ഷ്യം.. ! നെടുതായൊരു നിശ്വാസത്താൽ, പൊടിയൂതിയൊരുക്കിമിനുക്കി ച്ചെറുപാവയെ ഒക്കിലെടുത്തൂ, ദൃഢമാം ചുവടുള്ളൊരു കുട്ടി. കടയൊന്നു കുലുങ്ങുമ്പോൽ മുൻ നിരയിൽത്തൻ പാവയെ വെച്ചൂ ചൊടിയോടെ തിരിഞ്ഞു നടന്നൂ, മിഴിയിൽത്തീയുള്ളൊരു കുട്ടി.

നഗരം/ഡി യേശുദാസ്

1

നഗരത്തിന്മേൽ നഗരത്തിന്മേൽ

നഗരത്തിന്മേൽ നഗരം 

ഉള്ളിനുള്ളിലുള്ളിൽ നഗരം 

വിരിഞ്ഞുവിരിഞ്ഞു വിരിഞ്ഞ് 

ഉറയൂരി ഉയിരൂരി നഗരം 

ഇന്ന് കണ്ടതല്ല നാളെ 

ഇന്ന് കേട്ടതല്ല നാളെ

ഇന്ന് കുടിച്ചതല്ല നാളെ

ഇന്ന് മിണ്ടിയതല്ല നാളെ

ഓരോ നഗരവും ഓരോ ഭാഷയാകുന്നു

ഓരോ നിമിഷവും അതു ഭാഷ മാറ്റുന്നു

       2

"നീയെല്ലാവർക്കും സ്നേഹം കൊടുക്കു-

ന്നെനിക്കുമാത്രം മുലപ്പാൽ തരുന്നു "

എന്ന വരികൾ പാടിപ്പാടി ഉറങ്ങുന്ന

ഒരു കൂട്ടുകാരൻ എനിക്കുണ്ട്, 

ഒരിക്കലും പണിതു തീരാത്ത നഗരത്തിൽ.

അവന്റെ ഭാഷ ഇപ്പോൾ 

മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു. 

അവന്റെ ഉടപ്പിറന്നവൾ നഗരത്തിലേക്ക്

ഓടിപ്പോയിട്ട് ഇനിയും വന്നിട്ടില്ല.

3

മടങ്ങാൻ പറ്റാത്ത നഗരത്തിൽ

വേല ചെയ്യുന്ന ഒരുവളെനിക്കുണ്ട്.

അവൾ കാമുകി : എന്റെ മാതൃഭാഷ

നിറയെ മുറിവുകളുള്ളവൾ

തന്തയും തള്ളയും ചത്തവന്റെ മാതൃഭാഷ.

അവൾ പറയുന്നു

'നഗരം പാകമാകാത്ത 

മുറിവുകളുടെ ഭാഷ

അപരിചിതത്വം ഒരു മുറിവ്.

എല്ലാ ദിശയും മരുഭൂമി 

എല്ലാ ദശയും കടൽ 

ഏതു കാറ്റും തീയൂതൽ.

ഓരോ ഫ്ലാറ്റും മറുഭാഷ.

അപരിചിതമായിരിക്കാൻ

വെമ്പുന്നുണ്ടെന്റെ ഉടൽ

ശ്രദ്ധിച്ചു പഠിക്ക്, 

ഭാഷ ഒരാവാസവ്യവസ്ഥ

കറുത്ത ചോരയോടുന്ന

കാടും നാടും മലയും പുഴയും വ്യാകരണമായത്.

നഗരം ഭാഷകളുടെ പ്രേതഭൂമി.

4

"ഞാൻ അനിശ്ചിമായ യാത്ര പോകുന്നു"

നഗരങ്ങൾ തേടി " എന്നും പറഞ്ഞ്

ഒരു പോക്ക് പോയിട്ടൊരുരാത്രി 

സുഹൃത്ത് വിളിച്ചു.

-വിശ്വാസം നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ രാത്രിയിൽ

 പോയ കറന്റ് വരുമ്പോഴും ഞെട്ടുന്ന രാത്രിയിൽ-

"എന്റെ സെൽഫിയിലെ 

അതേ നിമിഷത്തിൽ, എനിക്ക് പിന്നിൽ

ആരോ വാളേറ്റു വീഴുന്ന വിദൂരദൃശ്യവും;

ഞാൻ ഭാഷ മുട്ടിപ്പോയവൻ"


അവൻ പറഞ്ഞു :

"എങ്ങോട്ട് പോയാലും 

പഴഞ്ചൻമതങ്ങളുടെ യുദ്ധം.

ചോരയൊലിച്ചു വരുന്ന കുട്ടികൾ.

മതങ്ങൾ പൊട്ടിത്തെറിക്കുന്ന ജീർണ്ണത.

ആഘോഷങ്ങളിലെല്ലാം 

യുദ്ധത്തിന്റെ മുഴക്കം.

അന്തരീക്ഷത്തിൽ

ശത്രുതയുടെ വിളംബരം,

കാലാവസ്ഥപോലെ.

പേടിയല്ലാതെ ഒന്നും ബാക്കിയില്ല.

നാം വിശ്വസിച്ചവയിൽനിന്ന്

മറ്റൊരു കൊടി ഉയർന്നു വരുന്നു.

അനിശ്ചിമായ 

യാത്ര എനിക്ക് ആനന്ദം തന്നില്ല"

5

ഏതു ഭാഷയിലും മുറിവ് ഒന്നുപോലെ

(അല്ല എന്ന് വേറൊരു മുറിവ്)

ഏതു ഭാഷയിലും കരച്ചിൽ ഒന്നുപോലെ 

(അല്ല എന്ന് വേറൊരു കരച്ചിൽ )

ഏതു ഭാഷയിലും മഴ ഒന്നുപോലെ  

(അല്ല എന്ന് വേറൊരു മഴ)

ഏതുഭാഷയിലും വെയിൽ ഒന്നുപോലെ  

(അല്ല എന്ന് വേറൊരു വെയിൽ)

എന്നാൽ ഏതുഭാഷയിലും

ജീവിതം പ്രയാസം തന്നെ

(അല്ല എന്ന് വേറൊരു വഴി )

- സൗകര്യമുള്ളവർക്ക് എല്ലാം സൗകര്യം

കൊലപാതകംപോലും  

സൗകര്യല്ലാത്തവർക്ക് എല്ലാം അസൗകര്യം

ഒരിറക്ക് വെള്ളംപോലും

എത്ര മുറിവുകൾ ചേർന്നിട്ടാവും 

നഗരത്തിന് ഒരു മാതൃഭാഷയുണ്ടാവുക;

എത്രഭാഷകൾക്ക് മേലാവും 

നഗരം ഒരു മാതൃഭാഷ പണിയുക.

ഒരേ സമയം എത്ര മാതൃഭാഷകളെ 

നഗരത്തിന് പോറ്റാൻ കഴിയും.

ഏതു ഭാഷയാവും

ഇനി നമ്മുടെ വേദനകൾ ചുമക്കുക.


ഇതാ, ഏതോ ഭാഷക്കാരനെ അവർ 

വേട്ടയാടി പിടിച്ചിരിക്കുന്നു.

അയാൾക്കില്ല രേഖകൾ.

അയാൾ മനുഷ്യൻ എന്ന രേഖ മാത്രം;

പക്ഷിയെപ്പോലെ മൃഗത്തെപ്പോലെ.

ദുരയ്ക്കും ദൂരത്തിനും ഇടയിൽ 

മീനുകളെപ്പോലെ വഴുതികളിക്കുന്ന

വാക്ക് ഏത് ഭാഷാജീവി?

ഇന്ന്, അഴുക്കുചാലിൽ പൊന്തിയവളുടെ

ഭാഷ എന്താവും?

ഒടുവിലത്തെ സ്ഫോടനത്തെ

എന്നു വ്യാഖ്യാനിച്ചു തീരും?


എത്ര മുറികളുണ്ടോ 

അത്രയും മുറിവുകളുമുണ്ട്

നഗരത്തിൽ

7

നഗരം

ഒരു ഭാഷാസമാഹാരം


വിത്ത്/ പി എ അനിഷ്

 മുളയ്ക്കും

എന്ന വിശ്വാസത്തിൽ

ഈ പാറക്കൂട്ടങ്ങൾക്കു മുകളിൽ

ഒരുവൻ വിത്തെറിഞ്ഞു പോകുന്നു


മുളപ്പിക്കും

എന്ന ഉറപ്പിൽ

ഒരു മഴയപ്പോൾ

കാറ്റിനോടിണചേർന്ന്

പാറയും വിത്തും

ചുറ്റുപാടും

നനച്ചിട്ടു പോകുന്നു


മുളയ്ക്കണം

എന്നു ചുംബിച്ച്

പാറക്കൂട്ടങ്ങൾക്കപ്പുറത്തെ മരങ്ങൾ

ഇലകളതിനടുത്തേക്ക്

അടർത്തിയടർത്തിയിടുന്നു


മുളച്ചിരിയ്ക്കുമെന്നാത്മവിശ്വാസം പകർന്ന്

നിശ്ശബ്ദത

കോടമഞ്ഞു കൊണ്ടതിനെ

പുതപ്പിക്കുന്നു


ഈർപ്പവും

വിശ്വാസങ്ങളുമുണങ്ങിപ്പോയൊരു

രാത്രിയിൽ

മുള പൊട്ടിയ വിത്ത്

ആരുടെയൊക്കെയോ ഹൃദയങ്ങളിൽ

ചെടിയായി വളർന്നു

മരമായി പടർന്നു

കഷണ്ടിത്തലയെന്ന പോലെ

മരങ്ങൾക്കു നടുക്ക്

പൊള്ളിക്കിടന്ന

അവിശ്വാസത്തിൻ്റെ

കരിമ്പാറക്കൂട്ടങ്ങളെ

മുറ്റത്തഴച്ച ശിഖരങ്ങളാൽ

മൂടിവെച്ചു


പി എ അനിഷ്