Showing posts with label വൈലോപ്പിള്ളി ശ്രീധരമേനോൻ. Show all posts
Showing posts with label വൈലോപ്പിള്ളി ശ്രീധരമേനോൻ. Show all posts

Sunday, September 12, 2010

പടയാളികള്‍‍ – വൈലോപ്പിള്ളി ശ്രീധരമേനോൻ



പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;

ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെ,ണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;

ഭൂതം കണക്കിനേ മൂടല്മല,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.

തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴിക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,

ഗദ്ഗകദരുദ്ധമാം രോദനം പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തലംാ വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്താതെ വീണുപോയ്!

കാര്മിണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്മിഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!

ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;

പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.

മാലോകര്‍‍‍ തുഷ്ടി്യാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍

കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി

പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.

ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്ത്തു വാന്‍‍

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ



അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു