Friday, March 20, 2026

കാപ്പിരിക്കുട്ടി / ഷീജ വക്കം

വരിവരിയായ് പഞ്ഞിത്തത്തകൾ ഇളവേൽക്കും ചില്ലിൻകൂട്, കലമാനും റബ്ബർപ്പുലിയും കലരുന്നൊരു പ്ലാസ്റ്റിക് കാട്, മുറി നീളെ പച്ചവെളിച്ച- ത്തരിചിന്നിപ്പായും വാത്ത്, വെറുതേയൊരു കാറ്റുതൊടുമ്പോൾ തലയാട്ടും ബൊമ്മപ്പെണ്ണ്... ഇതിനെല്ലാമിടയിൽ നടന്നൂ, അതിവിസ്മയമാർന്നൊരു കുട്ടി,ഗതികിട്ടാക്കൺമുനയാലേ പരതുന്നൂ പാവക്കടയിൽ.. ഒരു പാവയെ വാങ്ങാനെത്തി അരുമക്കുഞ്ഞായി വളർത്താൻ, കഥ ചൊല്ലാൻ പാടിയുറക്കാൻ കൊതിതീരും വരെയുമൊരുക്കാൻ.. പല പാവകൾ നോക്കിയതൊന്നും അവളെപ്പോലല്ല തരിമ്പും, വെളുവെളെയാണുടലുകളെല്ലാം, തുടുതുടെയാക്കവിളുകളെല്ലാം. ഇമയിളകും നീലക്കണ്ണായ്, മുടിയൊഴുകും പൊൻനദിയലയായ്, നിറയെ ഫ്രില്ലുലയുമുടുപ്പായ്, അവർ മാത്രം മുന്നിൽ നിരന്നു. തൻമുടി പോലിരുളിൻ ചുരുളേ, തൻ ചൊടി പോൽ മലരും ചൊടിയേ, തൻ തൊലിമേൽ എണ്ണമിനുപ്പായ് പുരളും കാരെളളിൻനിറമേ ! തിരയുന്നു തൻ പ്രതിരൂപം കൊതിയോടെയിരുണ്ടൊരു കുട്ടി, അഴകിൻ കരകൗശലവേലയ് - ക്കറിയില്ലേ കാർനിറമൊട്ടും.. ? പെരുകുന്നൊരുപുതുനൈരാശ്യം, കരളുന്നറിയാത്തൊരു ദുഃഖം തലതാഴ്ത്തിച്ചുണ്ടുകടിച്ചാ പിടിവാശിക്കുട്ടിയിരിക്കെ, അതിലോലപ്പാവകൾ തിങ്ങും നിരയിൽ നിന്നേഴകലത്തായ് പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ ഒരു നോട്ടം കണ്ടുവൊരാളെ, കരിവാവിൻ വീപ്പയ്ക്കുള്ളിൽ കഴൽ വഴുതി മറിഞ്ഞു കുതിർന്നോ? അവിടെയതാ കൺമണിയായൊരു ചെറുകാപ്പിരിവാവ ചിരിപ്പൂ . അതിപരിചിതമാ മുഖഭാവം, അതിഗഹനമൊരാന്തരബന്ധം, പല പൂർവ്വികർ കോരിയ കണ്ണീർക്കിണറുകൾ പോലാമിഴിയാഴം! പുതുപാവകൾ തട്ടിമറിച്ചാ- ക്കരിയുണ്ണിയെ വാരിയെടുക്കെ, മഴയത്തൊരു കാപ്പിപ്പൂവി - ന്നിതൾ പോലുയിർ തെല്ലു വിറച്ചു. ചിലനേരം ചെമ്പകമലരിൻ മഴയാ;യപ്പൂപ്പൻതറയിൽ തിരിവെക്കുന്നേരം കാണാ- ത്തലമുറകൾ തഴുകുമ്പോലെ.. "പിറകിൽപ്പോയെന്തിനൊളിച്ചൂ, പറയൂ നീ കുഞ്ഞിപ്പാവേ..?" കഴിയുമ്പോൽ ശബ്ദം താഴ്ത്തി ചെവിയിൽച്ചോദിച്ചൂ കുട്ടി.. കരിമന്തിക്കുഞ്ഞെന്നാരോ കളിയാക്കി വിളിച്ചോനിന്നെ..? കളിനാടകമൊന്നിൽ നിനക്കും സ്ഥിരമാണോ കള്ളൻവേഷം? ചില കുട്ടികളൊപ്പമിരിക്കാ- നരുതെന്നു വിലക്കുന്നേരം ചെറുനാരകമുള്ളുരയുമ്പോൽ കരൾ കീറിനുറുങ്ങാറുണ്ടോ? ഒരുകാലത്തവരുടെ കീഴിൽ അടിയാൻമാരായ ചരിത്രം പല വേളകളോർമ്മിപ്പിക്കെ അറിയാതെ നടുങ്ങാറുണ്ടോ? ഇലയും പുൽക്കൊടിയും പൂവും, കടലും തെളിനീരും കാറ്റും ഒരുമാത്രയിൽ നിശ്ചലമായാ- ച്ചെറുശബ്ദം ചോദ്യമുതിർക്കെ, തിരിയുന്നൊരു ഭൂഗോളത്തി- ന്നണു തോറും മൂളലുയർന്നൂ..l പലഭാഷകളൊറ്റ സ്വരത്തിൽ അരുളുന്നാ നേരിനു സാക്ഷ്യം.. ! നെടുതായൊരു നിശ്വാസത്താൽ, പൊടിയൂതിയൊരുക്കിമിനുക്കി ച്ചെറുപാവയെ ഒക്കിലെടുത്തൂ, ദൃഢമാം ചുവടുള്ളൊരു കുട്ടി. കടയൊന്നു കുലുങ്ങുമ്പോൽ മുൻ നിരയിൽത്തൻ പാവയെ വെച്ചൂ ചൊടിയോടെ തിരിഞ്ഞു നടന്നൂ, മിഴിയിൽത്തീയുള്ളൊരു കുട്ടി.

No comments: