Monday, June 6, 2011

കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം - കുമാരനാശാന്‍

ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-
ഴാകാശങ്ങളിലലർവാടിയാചരിച്ചും
ലോകാനുഗ്രഹപരയായെഴും കലേ നിൻ
ശ്രീകാൽത്തരിയണയടിയങ്ങൾ കുമ്പിടുന്നു.

ആർക്കും നിൻ വടിവറിവില്ല,യർഘ്യമാല്യം
കോർക്കും നിൻ പ്രതിമകൾ നോക്കിയർച്ചകന്മാർ
ഓർക്കും നിൻ മഹിമകളാരവർക്കും രോമം
ചീർക്കുന്നുണ്ടതുമതിയംബ വിശ്വസിപ്പാൻ.

തുംഗശ്രീ ഗിരിശിഖരങ്ങൾ ശുഭ്രവീചി-
ഭംഗവ്യാകുലജലമാർന്ന സാഗരങ്ങൾ
എങ്ങും പുഷ്പിതവനഭൂക്കളെന്നിവറ്റിൽ
തങ്ങും നിൻ ചുവടുകൾ ദേവി മാഞ്ഞുപോകാ.

താരാമണ്ഡലമുരുസൂരയൂഥമെന്ന-
ല്ലോരോ രേണുവുമതുപോലെ ചക്രമാക്കീ
പാരകെബ്ഭഗവതി ഭിന്നവേഗമായ് നിൻ
തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും.

ഓമൽ‌പൂ വിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമർത്ഥ്യം സുകൃതികൾ കാൺ‌മു തമ്പുരാട്ടി.

ചാർത്തജ്ജനനി മരിച്ചു ചിത്തതാപം
തീർത്തുണ്ണികളുടെ കണ്ണുനീർക്കുളത്തിൽ
നീരാടും ചിലപൊഴുതംബ നീ ചിലപ്പോൾ
പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ.

മാനഞ്ചും‌മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥൻ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി, ഭക്തൻ
പാനം ചെയ്‌വിതു ഭവദീയവാൿപ്രവാഹം.

നെഞ്ചാളും വിനയമൊടെന്നി പൌരുഷത്താൽ
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും
കൊഞ്ചൽതേന്മൊഴിമണി, നിത്യകന്യകേ, നിൻ
മഞ്ചത്തിൽ മണമറികില്ല മൂർത്തിമാരും.

പാഴാകും മരുവിലലഞ്ഞു സർവ്വഗേ, നീ
വാഴാറുള്ളരമനതേടി വാടി ഞങ്ങൾ
കേഴാതാരസമയരാജ്യസീമ കാണ്മാൻ
“ഏഴാമിന്ദ്രിയ”മിനിയ്മ്പൊടേകുകമ്മേ!

ഗ്രാമവൃക്ഷത്തിലെ കുയിൽ - കുമാരനാശാന്‍

- 1 -
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-

- 2 -
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിൻ‌ഗുണങ്ങൾ

- 3 -
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,

- 4 -
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.

- 5 -
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.

- 6 -

ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ

- 7 -
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ
നീലാരുണാഭ തളിർമേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ

- 8 -
ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.

- 9 -
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാൾ നടന്നു മലയാചലസാനുതോറും.

- 10 -
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.

- 11 -
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.

- 12 -
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ

- 13 -
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.

- 14 -
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേൽ‌വീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.

- 15 -
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.

- 16 -
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.

- 17 -
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ

- 18 -
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.

- 19 -
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.

- 20 -
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.

- 21 -
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.

- 22 -
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.

- 23 -
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.

- 24 -
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.

- 25 -
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.

- 26 -
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി

- 27 -
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.

- 28 -
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.

- 29 -
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.

- 30 -
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.

- 31 -
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,

- 32 -
പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.

- 33-
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)

- 34 -
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,

- 35 -
വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽ‌വൂ.

- 36 -
അന്യന്റെ താളഗതിയെശ്ശണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.

- 37 -
ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ

- 38 -
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)

- 39 -
ലേശാംശമിപ്പരിഷ ചൊൽ‌വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.

- 40 -
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.

- 41 -
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം

- 42 -
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ

- 43 -
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.

- 44 -
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.

- 45 -
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-
ലാ‍നന്ദധാമപതി ധർമ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.

- 46 -
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ

- 47 -
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.

സ്നേഹം - കുമാരനാശാന്‍

സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!

ഭാഷാമേഘസന്ദേശം - കുമാരനാശാന്‍

കാണപ്പെട്ടുള്ള കൃത്യസ്‌ഖലനമതിനൊരാ-
ണ്ടാർന്നു കാന്താവിയോഗം
ക്ഷീണശ്രീയാകുമാറദ്ധനദനുടെ കടും
ശിക്ഷയാൽ യക്ഷനേകൻ
വാണാൻ വൈദേഹി നീരാടിയ മഹിമയെഴും
വാരിയും ഭൂരിവൃക്ഷ-
ശ്രേണീച്ഛായാഭിരാമാങ്കണനിരയുമെഴും
രാമഗിര്യാശ്രമത്തിൽ.

യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാ-
സം കഴിച്ചാമുഴങ്കൈ
ശോഷിച്ചൂരിത്തെറിച്ചങ്ങനെ വളകൾ വെടി-
ഞ്ഞീടുമാക്കാമി കണ്ടാൻ
ആഷാഢത്തിന്റെയൊന്നാം‌ദിനമതിലൊരു മേ-
ഘം തടംപുക്കു മന്ദ്രാ-
ഘോഷം കുത്തിക്കളിക്കും കരിയൊടുകിടയാം
കാന്തിപൂണ്ടന്തികത്തിൽ.

ഒട്ടേറെക്‌ഖേദമുണ്ടെങ്കിലുമതികുതുകം
ചേർക്കയാൽ യക്ഷനുള്ളിൽ-
ക്കെട്ടിസ്തംഭിച്ച കണ്ണീരൊടുമതിനെ നെടും
ചിന്തയാൽ നോക്കിനിന്നാൻ
തിട്ടം സംഭോഗികൾക്കും തരളത കരളി-
ന്നേകുമാമേഘമാക്കൈ
കെട്ടിപ്പുൽകാൻ കൊതിക്കും കമനിയകലെയാം
കാന്തനെന്തായിരിക്കും.

വന്നെത്തീടും നഭസ്സിൽ പ്രണയിനിയവൾ വാ-
ണീടണം പ്രാണനാർന്നി-
ട്ടെന്നിച്ഛിച്ചംബുജത്തിൻവഴി നിജസുഖവൃ-
ത്താന്തമെത്തിക്കുവാനായ്
ഉന്നിച്ചെന്നാശു പുത്തൻ കുടജമലരതും
തൂകിയാവന്ന മേഘം-
തന്നെപ്പൂജിച്ചു തുഷ്ട്യാ കുശലവുമനുമോ-
ദിച്ചു ചോദിച്ചു യക്ഷൻ.
തീ വെള്ളം കാറ്റു മുറ്റും പുകയിവ തിരളും
തുച്ഛമാം മേഘമിന്നെ-
ങ്ങാ വൈദഗ്ദ്ധ്യം കലർന്നുള്ളൊരുവനിഹ വഹി-
ക്കേണ്ട ദൂതെങ്ങു പാർത്താൽ
ഏവം തെല്ലും നിനയ്ക്കാതവനതിനൊടുമു-
ൽക്കണ്ഠയാലന്നിരന്നാൻ
പോവില്ലേ ചേതനാചേതനമിവയൊടുമർ-
ത്ഥിച്ചു കാമാതുരന്മാർ?
പേരാളും പുഷ്കരാവർത്തകനിരയുടെ വംശത്തിലുദ്‌ഭൂതനിച്ഛാ-
ചാരൻ വിണ്ണോർവരൻ തന്നുടെയനുചരനാണങ്ങു ഞാനിങ്ങറിഞ്ഞേൻ
ദൂരസ്ഥൻ ദൈവയോഗാലിവനിവിടെയിരക്കുന്നു വേണ്ടീലയിഷ്ടം
പൂരിച്ചില്ലെങ്കിലും പ്രാർത്ഥന വലിയവരോടല്പരേകുന്നതേക്കാൾ.
(അപൂർണ്ണം)

ദീപാർപ്പണം - കുമാരനാശാന്‍

ഭാവബന്ധമൊടു സത്യരൂപനാം,
ദേവ, നിന്മഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ.

അല്പമെങ്കിലുമതിൻ പ്രഭാങ്കുരം
സല്പതേ,യിരുൾ തുരന്നു മെല്ലവേ
ശില്പരമ്യപദപീഠഭൂവിൽ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണേ!

സ്ഥേമയാർന്ന മണിഭൂഷണത്തിലും
തൂമനോജ്ഞമലർമാലതന്നിലും
ഹേമവിഗ്രഹമരീചി തേടുമി-
ക്കോമളപ്രഭ തിളങ്ങണേ വിഭോ!

മാറ്റി നിന്മുഖരസം‌മറച്ചിതിൽ
പോറ്റി, പുൽകരുതു ധൂമരേഖകൾ;
മാറ്റിയന്ന മണിവാതിലൂടെഴും
കാറ്റിലാടരുതിതിൻ ശിഖാഞ്ചലം.

ചീർത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്
വാർത്തിടായ്കിലുമെരിഞ്ഞു മേൽക്കുമേൽ
നേർത്തിതീശ, മിഴിയഞ്ചിടുന്ന നിൻ-
മൂർത്തി മുൻപു നിഴൽ നീങ്ങി നില്ക്കണേ!

സങ്കീർത്തനം - കുമാരനാശാന്‍

ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു
നിന്നിടുമൊന്നിനെ
സൗരഭോൽക്കട നാഭികൊണ്ടു മൃഗംകണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാർദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ-
തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയിൽ
പ്രത്യഹം പ്രഥയാർന്ന പാവനകർമ്മ-
ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡ-
മാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ.
സ്നേഹമാം കുളിർപൂനിലാവു പരന്നു
സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വ-
മുള്ളിൽ വിളങ്ങണേ.

ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൗകയിൽ.

ഗുണനിഷ്ഠ - കുമാരനാശാന്‍

തെരുതെരെ വിളങ്ങും നവകൃതകരത്നം
തെരുവുകളിലെങ്ങും തിരുതകൃതിയായി,
പുരുമഹിമ താണും പരിഭവമിയന്നും
മരുവി വിലയേറും മണികൾ മറയാറായ്.

നയ,മരിയ സത്യം, ദയ, പരഹിതത്തിൽ
പ്രിയത മുതലാകും ഹൃദയഗുണമെല്ലാം
ഭയമിയലുമാറായതതിനുടെ രൂപം
സ്വയമഭിനയിക്കും ഖലദുരകളാലെ.

ഒരു വിജയമോർത്തിട്ടൊരു ചതി തുടർന്നാൽ
പെരുകുമതുമൂലം പല വിനകൾ നാട്ടിൽ
കരുമനഗുണങ്ങൾക്കണയുവതു ധൂർത്തേ,
കരുതുക സഹിക്കാ ഗുണനിലയനീശൻ.

കളികൾ മതിയാക്കൂ കപടമണി! നീണാ-
ളൊളിചിതറിടാ നിന്മുഖമിതൊരുനാൾ നീ
തെളിവുടയ നീരിൽ പെടുമൊരു മരുന്നാ‍ൽ
പൊളിയുമഥവാ പോയ് നികഷശിലയേറും!

ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
ഗുണനിരയൊടൊപ്പം മനുജനൊരുനാളും
തുണയരുളിടാ കേൾ സുരനിരകൾപോലും.

നിഷ്കപടതയോട് - കുമാരനാശാന്‍

പൂവിനെതിർ മെയ്യൊളിയൊതുങ്ങിയഴലാലി-
ന്നാവിതടവും മുകുരമൊത്തു കവിൾ മങ്ങി,
ആവിലമനസ്സൊടൊരു കൈയിൽ മുഖമർപ്പി-
ച്ചീവിധമിരുന്നഴുവതെന്തു വിമലേ! നീ?

ഉണ്മയുടെയൂർജ്ജിതവിഭുത്വമതു പോയി,-
ന്നെന്മഹിമയാരുമറിയാത്ത നിലയായി,
ഇമ്മഹിയിലെന്തിനിനി വാഴുവതു ഞാനെ-
ന്നുണ്മലർ കരിഞ്ഞയി, ശുഭേ, കരവതോ നീ!

പുഞ്ചിരിനിലാവൊളി പുറത്തിരുളകത്തായ്
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ-
രഞ്ചണമതോർത്തു സരളേ,യഴുവതോ നീ?

സ്നേഹമുതിരേണ്ടവരിൽനിന്നും പകയായി,
ഗേഹമതിനാൽ ഭയദമാമടവിയായി
മോഹതിമിരം പെരുകി മൂഢതയുമാക്കി-
സ്സാഹസികർ നിന്നെയതിനാലഴുവതോ നീ?

മാഴ്കരുതു മഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനം കേൾ;
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും,
ലോകമിതിൽ നന്മയൊടു തിന്മ പൊരുതുന്നു.

പണ്ടു മുതലിങ്ങനെ വെളിച്ചവുമിരുട്ടും
രണ്ടുമിടയുന്നിതു സുരാസുരർ കണക്കെ;
ഇണ്ടലതിനാൽ വരുവതും വിരവിൽ നീങ്ങും
കണ്ടറികയുണ്മ സുകുമാരി, കരയാതെ.

ഇങ്ങനെ തിരിഞ്ഞു വിധിചക്രമുഴറുമ്പോ-
ളിങ്ങമലധർമ്മമതിലൂന്നി വിലസുന്നു,
മങ്ങിയുമിടയ്ക്കിടെ വിളങ്ങിയുമിരുട്ടിൽ-
ത്തങ്ങിയിരുപക്ഷമെഴുമിന്ദുകലപോലെ.

നിന്നെ വെടിയുന്നവനു നീ വെടിയുവോനും
പിന്നെ മനുജന്റെ വടിവെന്തിനു മനോജ്ഞേ?
നിന്നകമെരിഞ്ഞു മിഴിനീർ പൊഴിവതെന്നാ-
മന്നറിക തീനരകമെന്നു മഹിതാഭേ.

ജീവിതതരണത്തിലതിമാനമൊടു ഞാനെൻ
ദേവി തുണനിൽക്കിൽ വിജയിപ്പനതിനാലേ,
പൂവിൽ മണവും മണിവിളക്കിലൊളിയും‌പോൽ
നീ വിലസുകെന്റെ മനതാരിൽ മറയാതെ.

നിൽക്ക തുണയായഴലൊഴിക്കയെഴുനേൽക്കി-
ന്നിക്കലുഷഭാവമയി, നിന്നിലഴകാമോ?
‘നിഷ്ക്കപടതേ’, കരൾ നിറഞ്ഞൊരിരുൾ നീക്കും
ചിൽക്കതിരവന്റെ ചെറുരശ്മിയമലേ നീ.

കപോതപുഷ്പം - കുമാരനാശാന്‍

ഇതരസൌരഭവീചിയെ മെന്മയാൽ
വിധുരമാക്കിയിളംകുളുർവായുവിൽ
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികൾക്കുമേൽ
വിമലമായ് മലർമഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കളത്തിൽ നീർ-
ക്കുമിളതൻ നിരപോൽ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാർന്നതിനിർമ്മല-
ച്ഛവിയൊടും പുതുചിപ്പി വിടർന്നതോ?

അതിവിചിത്രമനോഹരശില്പമി-
പ്പുതിയ പൂ-കരകൌശലശാലയിൽ
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭു തന്നെ നീ !

അഹഹ നിർമ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട-പിറാവിതിൽ
സഹജമോ, നിഴലോ, മിഴിമായയോ?

ഒരു വികാരവുമെന്നിയഹോ ഖഗം
മരുവിടുന്നിതു മൌനസമാധിയിൽ
പറവയിൽ ചിലതുണ്ടവതാരമായ്
പരയുമങ്ങനെയാഗമവേദികൾ

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെൻ പരിശുദ്ധകപോതികേ,
ഭവതിയോരുകിലൻപിനോടോതണേ !

വണ്ടിന്റെ പാട്ട് - കുമാരനാശാന്‍

(കമലാകാന്തന്റെ എന്ന മട്ട്)
കൊടുമുടിയിൽ കഴുകൻ വസിക്കട്ടെ,
കൊടുതാം സിംഹം ഗുഹയിലും വാഴട്ടെ,
വടിവേലും തങ്കക്കുന്നേ, നിൻ പൂത്തൊരീ
നെടിയ കാടാർന്ന സാനുവിൽ മേവും ഞാൻ.

പതിച്ചിടാ നോട്ടം നാറും പിണങ്ങളിൽ,
കുതിച്ചു നിർദ്ദയം കൊന്നിടാ ജീവിയെ,
പതിവായിക്കാട്ടിൽ കാലത്തുമന്തിക്കും
പുതിയ പൂ കണ്ടു നിൻ പുകൾ വാഴ്ത്തും ഞാൻ.

അഴകേറും പൂവിൽ നീയലിഞ്ഞേകും തേ-
നഴലെന്യേ നുകർന്നാനന്ദമാർന്നുടൻ,
ഒഴിയാതോലും മണമാർന്ന തെന്നലിൻ
വഴിയേ നിൻ പുകൾ പാടിപ്പറക്കും ഞാൻ.

മുകളിൽ സൂര്യനും ചന്ദ്രനും വന്നിരു-
ളകലുമാറു പരത്തും കതിരൂടെ
പകലും രാവും പൊന്നോമനക്കുന്നേ, നിൻ
സകല ശോഭയും കണ്ടു രസിക്കും ഞാൻ.

ഈശ്വരൻ - കുമാരനാശാന്‍

ഓമൽപ്രഭാതരുചിയെങ്ങുമുയർന്ന നീല-
വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമർക്കബിംബം
ശ്രീമദ്ധരിത്രിയിവയെപ്പണിചെയ്ക കൈയിൻ
കേമത്തമോർത്തിവനു നീർ കവിയുന്നു കണ്ണിൽ.

അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി-
ലുന്തിസ്ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീർത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടൽ ചീർത്തിടുന്നു!

ചേണുറ്റു പൂത്ത വനമേന്തിയ കുന്നു ദൂരെ-
ക്കാണുന്നു പീലികുടയും മയിലിൻ ഗണം പോൽ
താണങ്ങു വിണ്ണിൽ മഴവില്ലു ലസിപ്പു വർണ്ണം-
പൂണുന്ന പൈങ്കിളികൾ ചേർന്നു പറന്നിടും പോൽ.

ഉല്ലോലമാമരുവി ദൂരെ മുഴങ്ങിടുന്നു
ഫുല്ലോല്ലസത്സുമഗണം മണമേകിടുന്നു;
കല്ലോലമാർന്നൊരു കയങ്ങളിൽനിന്നു പൊങ്ങി
നല്ലൊരു ചാരുകുളുർകാറ്റുമണഞ്ഞിടുന്നു!

ഇക്കാമ്യവസ്തുനിര ചെയ്തതു,മിങ്ങതോരാ-
നുൾക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാൻ
ധിക്കാര്യമാർഗ്ഗമണയാതകമേ കടന്നു
ചുക്കാൻ തിരിക്കുവതു, മൊക്കെയൊരേ കരംതാൻ.

ഈ ലോകഭോഗമതിനീശ, ജനിച്ചു ഞാൻ നി-
ന്നാലോകഭാഗ്യമണയാതവകാശിയായി;
നൂലോതിയും സപദി മത്പ്രിയതാത, നിന്നെ
മാലോകർ ചൊല്ലിയുമറിഞ്ഞു വണങ്ങിടുന്നേൻ.

വമ്പിച്ച നിൻ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമംതാൻ
എമ്പിച്ചു തീർക്കയറിവായ് മനമാംവിളക്കിൻ-
തുമ്പിൽ ജ്വലിക്കുമഖിലേശ്വര, കൈതൊഴുന്നേൻ.

നിശാപ്രാർത്ഥന - കുമാരനാശാന്‍

വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോൾ തിരയുന്നു ദൈവമേ,
പലവൃത്തികളാൽ വലഞ്ഞു നിൻ
നില നോക്കുന്നിതു രാവിൽ ഞാനുമേ.

ഉടലിൽ ക്രിയ നിൽക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും—പൊഴിയുന്ന പൂ നില-
ത്തടിയുംപോലണയും ഭവാനിൽ ഞാൻ.

ഘൃണയോടുമിരുട്ടിൽ നിൽക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാൻ.

ജഗതിക്കു സ‌മൃദ്ധി കൂടണം
ഭഗവൻ, ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികൾക്കുമേ.

ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവദേവ നീ!

മിന്നാമിനുങ്ങ് - കുമാരനാശാന്‍

ഇതെന്തൊരാനന്ദമിതെന്തു കൗതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?

പുളച്ചിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!

പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?

മിനുങ്ങി നീ ചെന്നിടു, മാറണയ്ക്കുവാൻ
കനിഞ്ഞിതാ കൈത്തളിരാർന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നിൽപ്പി,താർക്കുമേ
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻ‌ശാഖകൾ മേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്നു മരങ്ങളാകവേ;
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാ-
ർന്നിരട്ടയായ് തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും—ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു—തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുമ്പടിതന്നെയെങ്ങും
മിനുങ്ങിമങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?

തോട്ടത്തിലെ എട്ടുകാലി - കുമാരനാശാന്‍

തളിർത്തുലഞ്ഞു നിന്നിടും തരുക്കൾതന്റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലു ഭാഗവും,
കുളത്തിനുള്ളു കാണുമർക്കബിംബമൊത്തു കാറ്റിലീ-
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?

അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ച കള്ളനാരു നീ പ്രഗൽഭനായ മുക്കുവ-
ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള കൊച്ചുവേടനോ?

മിനുത്തു നേർത്ത നൂലിതെങ്ങുനിന്നു? മോടികൂടുമീ-
യനർഘമാം നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!

കൊച്ചുകിളി - കുമാരനാശാന്‍

ചൊല്ലുകെന്തു ചെറുപക്ഷി നീ കളി-
ച്ചുല്ലസിപ്പതിതുപോലെയെപ്പൊഴും
അല്ലൽ നീയറികയില്ലയോ? നിന-
ക്കില്ലയോ പറകെഴുത്തുപള്ളിയും?

കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?

കാലുയർത്തിയയി, കാറ്റിലാടുമൂ-
ഞ്ഞാലിൽ മേവി രസമേലുമെത്ര ഞാൻ!
നീലവിൺ‌വഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?

ചിത്രമിങ്ങു, പുഴ കുന്നിവറ്റ തെ-
ല്ലത്തലെന്നി കിളി, നീ കടപ്പതും
എത്തി വന്മുതലമേലുമാനതൻ-
മസ്തകത്തിലുമിരുന്നിടുന്നതും!

ചേണിയന്ന ചിറകാർന്നൊരോമന-
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽക്കൊതിവരും—പഠിക്കുവാൻ
പോണു—കൊച്ചുകിളിയായതില്ല ഞാൻ !

പരുക്കേറ്റ കുട്ടി - കുമാരനാശാന്‍

(സുരപുരിയോട് എന്ന മട്ട്)
അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ
കരയായ്കോമനേ കരൾ വാടി
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ വരുന്നു ഞാൻ.

പനിനീർച്ചെമ്പകച്ചെറുമുള്ളേറ്റു നിൻ
കുരുന്നു കൈവിരൽ മുറിഞ്ഞിതേ!
തനിയേ തൈമാവിൽക്കയറി വീണോമൽ-
ച്ചെറുകാൽമുട്ടുകൾ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളിൽ നിന്നയ്യോ!
മുറിച്ചിതേ പൊന്നിൻ നിറുകയും
മുറിയിൽക്കട്ടിന്മേൽ കയറിച്ചാഞ്ചാടി-
ത്തറയിൽ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം
അറിയാപ്പൈതൽ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിക്കു ചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി
ചിരിച്ചാൻ കാർ നീങ്ങും ശശിപോലെ.

കുട്ടിയും തള്ളയും - കുമാരനാശാന്‍

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

പ്രഭാതപ്രാർത്ഥന - കുമാരനാശാന്‍

സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക! ശാശ്വതം
നിഗമം തേടിന നിൻപദാംബുജം.

അരുണോദയമായി, പൂക്കൾപോൽ
വിരിയുന്നൂ കരണോൽക്കരം വിഭോ.
തിരിയെത്തെളിയുന്നു ഹന്ത! നീ
തിരനീക്കുന്നൊരു ലോകരംഗവും.

ഒരു ഭീതിയെഴാതെ കാത്തു, ദു-
ഷ്കരസാംസാരികപോതയാത്രയിൽ
കര കാട്ടുക നിന്നു നീ കൃപാ-
കര, ഞാൻ ദിക്കറിയാത്ത നാവികൻ.

ഗുണമെന്നിയൊരാൾക്കുമെന്നിൽനി-
ന്നണയായ്‌വാൻ തരമാകണം വിഭോ,
അണുജീവിയിലും സഹോദര-
പ്രണയം ത്വൽ കൃപയാലെ തോന്നണം.

ഉളവാകണമാത്മതുഷ്ടിയീ-
യെളിയോനിങ്ങനെ പോകണം ദിനം,
ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും.

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ, തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം.

ഏപ്രിൽ 1931

അമ്പിളി - കുമാരനാശാന്‍

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.

വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ.

ജൂലൈ 1914