Sunday, September 26, 2010

സച്ചിദാനന്ദന്റെ കവിതകള്‍



രക്തസാക്ഷി

പ്രണയകവിതകള്‍ എഴുതുന്നവരേ,
നിങ്ങളുടെ പ്രേമശയ്യയില്‍
ഇരുവരുടെയും ഭാരത്താല്‍ ഞെരിഞ്ഞ്
സകുടുംബം മരിച്ചു പോയ
ഈ മൂട്ടയുടെ രക്തസാക്ഷിത്വത്തെ
തരിമ്പെങ്കിലും വിലമതിക്കുക

യുദ്ധം കഴിഞ്ഞ്


യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൌരവരും പാണ്ഡവരും
ഒന്നിച്ചു തലയില്‍ കൈവച്ചു.
'എന്തിനായിരുന്നു യുദ്ധം?'
പാണ്ഡവര്‍ ചോദിച്ചു
'എങ്ങനെയായിരുന്നു മരണം?'
കൌരവര്‍ ചോദിച്ചു.
'ആരാണീ കടുംകൈ ചെയ്തത്?'
പാണ്ഡവര്‍ തിരക്കി.
'ആരാണീ കടുംകൈ ചെയ്യിച്ചത്?'
കൌരവര്‍ തിരക്കി.
'നാം ഒരേ കുടുംമ്പക്കാരല്ലേ?'
പാണ്ഡവര്‍ അദ്ഭുതം കൂറി.
'നാം നല്ല അയല്‍ക്കാരല്ലേ?'
കൌരവര്‍ അദ്ഭുതം കൂറി.
'നമ്മുടെ പുഴകള്‍ ഒന്നുതന്നെ'
പാണ്ഡവര്‍ പറഞ്ഞു.
'നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ'
കൌരവര്‍ പറഞ്ഞു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
പാണ്ഡവര്‍ ഓര്‍മ്മിച്ചു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
കൌരവര്‍ ഓര്‍മ്മിച്ചു.
'ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം'
പാണ്ഡവര്‍ പാടി
'ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം'
കൌരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചുതുടങ്ങി.


ഈറന്‍ പുല്ലില്‍


ഈറന്‍പുല്ലില്‍ ഒരു കാലടി കണ്ടാല്‍
അത് മരണത്തിന്‍റെതു തന്നെയാകണമെന്നില്ല
ഒരു നാടന്‍ പാട്ട് കടന്നു പോയതുമാകാം
കൈ വെള്ളയില്‍ പറന്നിരിക്കുന്ന തുമ്പിയ്ക്ക്
നിങ്ങളോടെന്തോ പറയാനുണ്ട്
നിങ്ങളുടെ കൈ താഴെയില്ലാത്തത് കൊണ്ടാണ്
മാമ്പഴവും ഉതിര്‍മുല്ലയും
മണ്ണില്‍ വീണു ചിതറിപ്പോകുന്നത്
കടങ്ങളൊന്നും വീട്ടേണ്ടവയല്ലെന്ന്
കടല്‍ പറയുന്നത് കേട്ടിട്ടില്ലേ ??
നിങ്ങളുടെ ഇരുണ്ട കൊച്ചു മുറിയിലുമുണ്ട്
ഒരു തുണ്ട് ആകാശം
എല്ലാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
മീന്‍,ചീവീട്,മുത്തങ്ങാപ്പുല്ല് ;
വെയില്‍,ചുണ്ട്,വാക്ക്

വല്ലപ്പോഴും

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
കോള് കൊണ്ട കടലില്‍
മുക്കുവര്‍ തോണിയിറക്കു ന്നു
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട്
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു
നെറ്റിപ്പട്ടം കെട്ടിയ ആനകളെ
സ്വപ്നം കാണുന്നു
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത്
കാറ്റായി മാറുന്നു
ഒരു പക്ഷി തിരിച്ചു പറക്കും വഴി
നാലു നീല മുട്ടകളും ഒരു നക്ഷത്രവും
സന്ധ്യയില്‍ നിക്ഷേപിക്കുന്നു
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .


പോയ്ക്കഴിഞ്ഞാല്‍
1

പോയ്ക്കഴിഞ്ഞാല്‍
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും

നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .

വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .

സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല

അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം

രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .

മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ

2


പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍

തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും

ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ


മുരിങ്ങ


തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....

ഞാന്‍ മുസ്ലിം


രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
'ക്രൂരമുഹമ്മദരു'ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍

'ഒറ്റ ക്കണ്ണനും' 'എട്ടുകാലി'യും
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഗ് വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേരു : 'ഭീകരവാദി'

ഇന്നാട്ടില്‍ പിറന്നു പോയി, ഖബറ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റു മുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേരു.

ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്ഖി'നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും?

കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്‍ക്കളീയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.

ആദ്യപ്രേമം

ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതു ത്ത അത്ഭുതം
അതിനെ ഇണക്കി എടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്ടെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍ടെ സുഗന്ധം പോലും
അതിന്ടെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്ടെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .
എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുംപോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി........

മകള്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

സങ്കടമില്ലാത്ത മനുഷ്യന്‍


സങ്കടമില്ലാത്ത മനുഷ്യനേത്തേടി
ഞാന്‍ ധ്രുവങ്ങളോളം പോയി
ഒടുവില്‍ സങ്കടമില്ലാത്ത ഒരാളെ കണ്ടെത്തി
അയാള്‍ പറഞ്ഞു
മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണുന്നതാണ്
എന്‍റെ സന്തോഷം.
ലോകത്ത് സങ്കടമുള്ളിടത്തോളം
എനിക്കു സങ്കടമുണ്ടാവില്ല

1 comment:

ശ്രീനാഥന്‍ said...

സച്ചിയെ വായിക്കുന്നത് എത്ര ആഹ്ലാദകരം!