Sunday, September 12, 2010

പ്രലോഭനം - ആര്‍. രാമചന്ദ്രന്‍

വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.

ചിറകു കുടയുന്നു തെന്ന,ലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍.

ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി

കരളോര്‍ക്കുമേതോ പുരാണശോക-
കഥപോലിശ്ശ്യാമള ഭൂമി കാണ്മൂ

ഒരു നറുകണ്ണാന്തളിമലര്‍പോല്‍
വിരിയുമിസ്സാന്ധ്യനിശ്ശബ്ദതയില്‍

പഥികര്‍ കാണാതെ കടന്നുപോകും
പെരുവഴിത്തിരിവിലെ വിഗ്രഹംപോല്‍

മരുവുമെന്നാത്മാവുതന്നെയാരോ
പുരുമോദമാര്‍ന്നു വിളിച്ചിടുന്നു

പരിചിതമാണെനിയ്ക്കാമധുര
സ്വരമതിന്നുള്ളിലൊളിച്ചിരിപ്പൂ

അതിദൂരശൈലശൃംഗങ്ങളില്‍ കേ-
ണലയും നിലാവിന്‍ കിനാവുകളും

ഒളിയറ്റ വാനിന്നഗാധതയില്‍
തെളിയും മിഴികള്‍തന്‍ വേദനയും

പറയാതെപോയ വസന്തരാവിന്‍
സ്മരണയില്‍ മുറ്റിന കണ്ണുനീരും

പരിചിതമാണെനിയ്ക്കാ മധുര-
സ്വര,മതുള്‍ക്കൊള്ളുക മൂലമല്ലോ

വിജനകുഞ്ജങ്ങള്‍പോല്‍ വീര്‍പ്പിടുന്നു
വിരഹാകുലങ്ങളായ്‌ മദ്ദിനങ്ങള്‍!

മറുപടിചൊല്ലാന്‍ മടിച്ചു ദീന-
മിരുളിലെന്നാത്മാവൊളിച്ചിരിപ്പൂ.

No comments: