Sunday, September 12, 2010
ബാലരാമായണം- കുമാരനാശാന്‍
ബാലകാണ്ഡം
ശ്രീരാമചന്ദ്രചരിതം
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേൾപ്പിൻ സരസം
ചൊൽവൻ ലളിതഭാഷയിൽ
പണ്ടു കോസലരാജ്യത്തിൽ
പേരെഴുന്നോരയോദ്ധ്യയിൽ
മന്നവന്മാർ വാണിരുന്നു
മനുവിൻ തറവാട്ടുകാർ.
ശിഷ്ടരെത്താങ്ങി രക്ഷിച്ചും
ദുഷ്ടരെ കീഴടക്കിയും
ക്ഷത്രിയന്മാരവർ ചിരം
ക്ഷോണിയിൽ കീർത്തിതേടിനാൻ.
ശക്തിയും ഗുണവും കൊണ്ടു
ചൊല്ലാർന്നച്ചക്രവർത്തിമാർ
പ്രജാക്ഷേമത്തെ മുന്നിർത്തി-
പ്പാരടക്കിബ്ഭരിച്ചിതേ.
കകുൽസ്ഥൻ രഘുവെന്നോരോ
കാരണോന്മാരിൽ നിന്നിവർ
കാകുൽസ്ഥന്മാർ രാഘവന്മാ-
രെന്നൊക്കെപ്പേരുമാർന്നിതു.
ആ വംശത്തിൽ ദശരഥ-
നെന്നുചൊല്ലാർന്ന മന്നവൻ
മൂന്നുവേളി കഴിച്ചിട്ടും
മക്കളില്ലാതെ മാഴ്കിനാൻ.
വാർദ്ധക്യം വരുമാറായി
വലഞ്ഞു നൃപനേറ്റവും;
ഗർഭം ധരിച്ചു ദൈവാനു-
കൂല്യത്താലന്നു രാജ്ഞിമാർ.
ഫലിച്ച ഭാഗ്യവൃക്ഷത്തിൻ
മൂന്നുശാഖകൾ പോലവേ
ഗർഭമേലും പത്നിമാരെ-
കണ്ടുമോദിച്ചിതേ നൃപൻ.
കൌസല്യ ആദ്യയിവരിൽ
പിന്നെക്കൈകേയി ദേവിയാൾ
സുമിത്ര മൂന്നാമത്തേവൾ
മൂവരും മോഹനാംഗിമാർ
കാലം തികഞ്ഞു കൌസല്യ
പെറ്റിതോമൽക്കുമാരനെ
പിന്നെക്കൈകേയിയും പെറ്റു
പെറ്റു മറ്റോളിരട്ടയും.
മോദിച്ചു രാമനെന്നേകി
മൂത്ത പുത്രനു പേർ നൃപൻ
ഓമനപ്പേരായി രാമ-
ചന്ദ്രനെനവനുമേ.
കൈകേയി തൻ കിടാവിന്നു
നൽകീ ഭരതനെന്നുപേർ
നൽകീ ലക്ഷ്മണ ശത്രുഘ്ന-
നാമങ്ങളിതർക്കുമേ.
വളർന്നുമെല്ലെബ്ബാലന്മാർ
വിളങ്ങീ രാജമന്ദിരം
ചന്ദ്രനക്ഷത്രങ്ങൾ പൊങ്ങി-
ത്തെളിയും ദ്യോവുപോലവേ.
വേണ്ട കർമ്മങ്ങൾ വഴിപോൽ
ചെയ്യിപ്പിച്ചു ശിശുക്കളെ
വസിഷ്ഠനാം വംശഗുരു
വന്നെഴുത്തിന്നിരുത്തിനാൻ.
രാമനിൽ തമ്പിമാർക്കും തൻ-
തമ്പിമാരോടു രാമനും
കൂറൊന്നുപോലെ എന്നാലും
കൂട്ടായീ രാമലക്ഷ്മണർ.
ഭരതൻ ശത്രുഘ്നനോടും
പൊരുത്തം പൂണ്ടിണങ്ങിനാൻ
കളിപാഠങ്ങൾ സല്ലാപം
കുളിയൂണിലിതൊക്കെയും.
കണ്ടുനാട്ടാർ കരുതിനാർ
കൂട്ടുചേർന്ന കുമാരരെ
കുലമാം മാമരത്തിന്റെ
കുരുന്നിണകളെന്നുതാൻ.
കളിക്കും കളിയെന്നാകിൽ
പഠിക്കും പാഠവേളയിൽ
മനസ്സുവെച്ചക്കിടാങ്ങൾ
മെച്ചം നേടീടുമേതിലും.
കളിയായ് കാട്ടീടും വല്ല-
കുണ്ടാമണികളെങ്കിലും
വിലക്കീട്ടുള്ള കുറ്റങ്ങൾ
വീണ്ടും ചെയ്തീല കുട്ടികൾ.
വേദശാസ്ത്രങ്ങൾ വിധിപോൽ
പഠിച്ചു മുനിയോടവർ
അസ്ത്രശാസ്ത്രങ്ങളതുപോ-
ലച്ഛനോടും പഠിച്ചിതേ.
ശീലം കൊണ്ടും ബുദ്ധികൊണ്ടും
കൂറുകൊണ്ടും കുമാരരിൽ
ലയിച്ചു നാട്ടുകാർക്കുള്ളം
പിതാക്കൾക്കെന്തുചൊല്‌വുതാൻ.
താമസിച്ചെന്നാകിലുമി-
ത്തനയന്മാർ ജനിച്ചവർ
തന്നെക്കാൾ യോഗ്യരാമെന്നു
താതനാശംസതേടിനാൻ.
അമാനുഷ്മഹാവീര്യ-
നിധിയായ് നാലുമക്കളിൽ
ശ്രീരാമചന്ദ്രനധികം
ശ്രേഷ്ഠനായ്ത്താൻ വിളങ്ങിനാൻ.
ആശ്ചര്യമമ്മഹാത്മാവിൻ
ചരിത്രം വിസ്തരിച്ചുതാൻ
വിശ്വമോഹനമാംകാവ്യം
വാത്മീകിമുനി പാടിനാൻ.
ശൈശവം കഴിയും മുമ്പിൽ
ശ്രുതിപ്പെട്ട കുമാരകൻ
അമ്മയച്ഛന്മാർക്കു നിത്യ-
മാനന്ദം നൽകി മേവിനാൻ.
വന്നിതക്കാലമവിടെ
വിശ്വാമിത്രമഹാമുനി
രാക്ഷസന്മാർ കർമ്മവിഘ്നം
ചെയ്കയാൽ കാട്ടിൽ നിന്നുമേ.
വനത്തിൽ വാണു വേദങ്ങ-
ളഭ്യസിച്ചു വിധിപ്പടി
യാഗാദികർമ്മം ചെയ്യുന്ന
യോഗിമാർ മുനിമാരിവർ
ഇവർ ചെയ്‌വൂ പുണ്യകർമ്മ-
മീശ്വരപ്രീതിയോർത്തുതാൻ
മുടങ്ങാതതു രക്ഷിക്ക
മുഖ്യമാം രാജധർമ്മമാം.
രാക്ഷസോപദ്രവം നീക്കി
യാഗം രക്ഷിച്ചുകൊള്ളുവാൻ
രാമചന്ദ്രനെ യാചിച്ചു
രാജാവോടു മഹാമുനി.
ഘോരരാക്ഷസരെങ്ങന്റെ
കുട്ടിയെങ്ങെന്നുമോർക്കയാൽ
വിഷാദിച്ചൂ ദശരഥൻ
പേടിച്ചു മുനി തന്നെയും.
തപസ്സിനാൽ മനഃശ്ശുദ്ധി
തേടും സത്തുക്കൾ നമ്മുടെ
അസംതൃപ്തിക്കു ലാക്കാകു-
ന്നവർക്കു ഗുണമേ വരാ.
വേണ്ടാ ഭയം നന്ദനനെ
വിശ്വാമിത്രരൊടൊത്തുനീ
അയയ്ക്കുക വിഭോ! നന്മ-
യുണ്ടാമെന്നാൻ പുരോഹിതൻ.
വല്ലവാറും സമ്മതിച്ചു
വിട്ടുരാമനെ മന്നവൻ
ഛായപോൽ പിരിയാത്തൊരു
തമ്പി ലക്ഷ്മണനോടുമേ.
വില്ലുമമ്പും കയ്യിലേന്തി
വന്ദിച്ചിതവരച്ഛനേ
അദ്ദേഹം നെടുവീർപ്പിട്ടു
ചുംബിച്ചാശിസ്സുമേകിനാൻ.
മാതാക്കൾ പിന്നെ മിഴിനീർ
തുടച്ചുവിട നൽകിനാർ
മുന്നോർകളെ മനക്കാമ്പി-
ലോർത്തും മുനിയെയോർത്തുമേ.
കാടു രാക്ഷസരെന്നല്ല
യുദ്ധമെന്നൊക്കെയോർക്കയാൽ
കൌതൂഹലം തേടി സിംഹ-
ശൂരക്കുമാരന്മാർ.
പോയീ വിശ്വാമിത്രരുടെ
പിമ്പേയുത്സാഹമാർന്നിവർ
വായുവിൻ പിമ്പു വില്ലാർന്ന
രണ്ടു മേഘങ്ങൾ പോലവേ.
കടന്നു ഗോപുരമിവർ
കടന്നു തെരുവീഥികൾ
സരയൂനദി കല്ലോലം
തല്ലും നഗരസീമയും.
അക്കരയ്ക്കിവരെത്തുമ്പോ-
ളസ്തമിച്ചിതു ഭാനുമാൻ
അന്നത്തെ യാത്രയവിടെ
നിർത്താനോതിയമാതിരി.
സന്ധ്യാനുഷ്ഠാനവും ചെയ്തു
ഭക്ഷിച്ചങ്ങവർ മൂവരും
സാധാരണജനം പോലൊ-
രമ്പലം പുക്കുറുങ്ങിനാർ.
രാവിലേ കാറ്റിലാഞ്ഞാടും
കതിർ തൂർന്ന നിലങ്ങളും
പക്ഷി കൂവും പൊയ്കകളും
പാർത്തുയാത്ര തുടങ്ങിനാർ.
പാടത്തിൽ വെള്ളം പായിക്കും
പല കൈത്തോടുമപ്പുറം
കണ്ടാർ കാലികൾ തിങ്ങിപ്പോ-
മൂടുപാതകൾ താനുമേ.
പാർത്താർ വയ്ക്കോൽ പന്തലാർന്ന
കരവാരം പറമ്പുകൾ
തൊഴുത്തും കളവും ചേർന്ന
പുല്ലുമേഞ്ഞ ഗൃഹങ്ങളും
ഭാണ്ഡവും പേറി യാത്രക്കാർ
പോവതങ്ങങ്ങു കണ്ടിതു.
നീണ്ടു നീണ്ട നടയ്ക്കാവും
കണ്ടു നിഴൽ മരങ്ങളും.
മാറ്റൊലിക്കൊണ്ടു ഗോപാല-
രൂതും മുരളി കേട്ടിടും
മേച്ചിൽ സ്ഥലങ്ങളും വണ്ടു
മൂളും കുറ്റി വനങ്ങളും.
മറ്റോരോന്നും കണ്ടുരസം
പൂണ്ടുമമ്പാർന്നിടയ്ക്കിടെ
മുനിയോതുന്ന കഥകൾ
കേട്ടും പോയിതു ബാലകർ.
ദൂരെക്കറുത്തെഴും കുന്നിൻ
കൂട്ടം കണ്ടവർ ചോദ്യമായ്
ഇങ്ങാണോ യാഗമിവരോ
രാക്ഷസന്മാർ മഹാമുനേ?
അപ്പുറത്തിടവപ്പാതി
മേഘം മാനത്തിലെന്നപോൽ
ഭൂമിമേൽ വാച്ചു നീലിച്ച
കൊടുങ്കാടവർ കണ്ടിതു.
പ്രാന്തങ്ങളിൽ പക്ഷിവൃന്ദം
പാടുന്നൂ തരുവല്ലിമേൽ
ശോഭിക്കുന്നൂ പൂക്കൾ പുഷ്പ-
ഗന്ധം വീശുന്നു കാറ്റുകൾ.
എന്നാലുള്ളിൽ സമുദ്രത്തിൽ
കയം പോലെ ഭയാനകം
ഇരുട്ടും നിശ്ശബ്ദതയു-
മാർന്നു ഗംഭീരമാ വനം.
തലയോടെല്ലുതോലൊക്കെ
തൂർത്തിരുന്നിതതാതിടം
നര തിര്യഗ് ജാതികളെ
ക്കൊന്നും കൂട്ടിയിരുന്നിതേ.
വല്ലാത്ത ദുർഗ്ഗന്ധിവായു
തിങ്ങും വനമതിന്നുമേൽ
കഴുകന്മാരംബരത്തിൽ
വട്ടം ചുറ്റിപ്പറന്നിതേ.
കയത്തിൽ മുതലയ്ക്കൊത്തി-
ക്കാട്ടിൽ താടക രാക്ഷസി
ഭയത്തെ നൽകി മേവുന്നു
പാന്ധർക്കെന്നോതിനാൻ മുനി.
കണ്ടും ഭയങ്കരക്കാഴ്ച
കേട്ടും രാക്ഷസിതൻ കഥ
രണത്തിൽ കൌതുകം പൂണ്ടും
രാമൻ ഞാണൊലി കൂട്ടിനാൻ.
അതുകേട്ടധികം ക്ഷോഭി-
ച്ചലറിപ്പാഞ്ഞടുത്തിതു
കൊടുങ്കാറ്റേറ്റു കോപിച്ച
കരുങ്കടലുപോലവൾ.
പിടിച്ചുതിന്മാനണയും
രാക്ഷസത്തിയെ നീതിയാൽ
പെണ്ണെന്നോർക്കേണ്ടെന്നു മുനി
യോതീ;-യമ്പെയ്തു രാഘവൻ.
രാമാസ്ത്രം മാറിലേറ്റേറെ-
രക്തം ചിന്തി നിശാചരി
ബാലാർക്കകിരണം തട്ടി
രാത്രിപോൽ ഭൂവെടിഞ്ഞിതേ.
ഊർജ്ജസ്വലൻ രാഘവന്റെ-
യൊന്നാമത്തെ പരാക്രമം
കണ്ടത്ഭുതപ്പെട്ടു തമ്പി
ലക്ഷ്മണൻ മുനിവര്യനും.
അഭിനന്ദിച്ചു വിജയ-
മാശ്ലേഷിച്ചു സഹോദരർ
അവർക്കു മുനിയാശിസ്സു-
മേകീ ദിവ്യാസ്ത്രവിദ്യയും.
വീണ്ടും നടന്നുചെന്നെത്തീ
വിഖ്യാതം വാമനാശ്രമം
അക്കാട്ടിലാ രാവുപോക്കീ-
യർക്കചന്ദ്രാഗ്നി സന്നിഭർ.
അടുത്തനാൾ കുമാരന്മാർ
മുനിയെപ്പിന്തുടർന്നിതു
അടുത്തു സിദ്ധാശ്രമമെ-
ന്നതി കൌതൂഹലത്തോടും.
അങ്ങാണു വിശ്വാമിത്രന്റെ-
യതിരമ്യ തപോവനം
അങ്ങാണു യാഗമവിടെ-
യാണു രാക്ഷസബാധയും.
അരികിൽ കണ്ടു ബാലന്മാ-
രങ്ങങ്ങായൂടുപാതകൾ
വരിനെല്ലിൻ വിളവുകൾ
വൃക്ഷവാടികൾ താനുമേ.
കണ്ടു മുറിച്ച കൊമ്പാർന്ന
കുറ്റിച്ചമത പൂപ്പതും
അരിഞ്ഞെഴും മൂട്ടിൽ നിന്നു
പുത്തൻ ദർഭ മുളപ്പതും.
വില്ലുമമ്പും കാണുകിലും
വകവയ്ക്കാതെ മാൻ നിര
പുല്ലുമേയുമതെന്നല്ല
പോവോരെപ്പാത്തുനിൽപ്പതും.
വല്ലിയും ശാഖയും പൂത്ത
വന്മരങ്ങളതാതിടം
വാച്ചുനിന്നിതു വാനത്തോ-
ടന്തിപ്പൂ മുകിൽ പോലവെ.
പൊയ്കക്കരകളിൽ താണ
തരുശാഖകൾ തോറുമേ
തോരാൻ കെട്ടും വൽക്കലങ്ങൾ
പൂങ്കാറ്റിൽ പാറിനിന്നിതു.
ഇലക്കുടിഞ്ഞിലോരോന്നു
കാണുമാറായിടയ്ക്കിടെ
അടിച്ചു മെഴുകിപ്പൂവി-
ട്ടുള്ള മുറ്റങ്ങളോടുമേ.
അപ്പോൾ ദൂരത്തിലിവരെ-
ക്കണ്ടിതാശ്രമവാസികൾ
അംഗമാർന്നു നടന്നെത്തും
മൂന്നഗ്നികൾ കണക്കെ താൻ.
വില്ലാർന്ന രഘുപുത്രന്മാ-
രൊത്തെത്തും മുനിനാഥനെ
വഴിയിൽചെന്നു വന്ദിച്ചു
ശിഷ്യന്മാരെതിരേറ്റിതു.
ഇവരാശ്രമവാടത്തി-
ലെത്തും മുമ്പേയൊരിക്കിനാർ
ജല, മാസന, മർഘ്യങ്ങ-
ളെല്ലാമങ്ങു തപസ്വികൾ.
വന്ദിച്ചു രാജപുത്രന്മാർ
വന്ദ്യന്മാരാം മുനീന്ദ്രരെ
അബ്ബാലന്മാരെയാമോദി-
ച്ചാശ്ലേഷിച്ചു തപോധനർ.
തലോടി രാമനെപ്പാരം
താടകാനിഗ്രഹത്തിനായ്
അമ്പെടുത്ത വലം കയ്യി-
ലാദ്യം ചുംബിച്ചുകൊണ്ടവർ.
കുശലപ്രശ്നങ്ങൾ കേട്ടും-
കണ്ടും സൽക്കാരസംഭ്രമം
മുനിവേഷങ്ങൾ വീക്ഷിച്ചും
മോദം പൂണ്ടു കുമാരകർ.
ജടകൂട്ടിക്കെട്ടിവയ്പ്പോർ
താടിനീട്ടിവളർത്തുവോർ
തോലോ മരപ്പട്ടയോ കൊ-
ണ്ടരമാത്രം മറയ്ക്കുവോർ.
ഗോപിചാർത്തുന്നവർ ചിലർ
ഭസ്മം പൂശീടുന്നവർ ചിലർ
കൂടി തപസ്വിമാർ വന്ന-
ങ്ങെല്ലാരും വേദവേദികൾ.
വിശ്രമിച്ചിന്നു സുഖമാ-
യേവരും യജ്ഞവാടിയിൽ
വിശ്വാസമാർന്നു പിറ്റേന്നാൾ
യാഗകർമ്മം തുടങ്ങിനാർ.
ഒരുക്കീവേദി, മുറപോ-
ലാരംഭിച്ചു ജപങ്ങളും
ഹോമങ്ങളും താപസന്മാർ
തർപ്പണങ്ങളുമങ്ങുടൻ.
രാമനും ലക്ഷ്മണൻ താനും
രക്ഷക്കായ് യജ്ഞവാടിയിൽ
രണ്ടുദിക്കുകളിൽ കയ്യിൽ
കുലവില്ലേന്തി നിന്നിതു.
വരുവിൻ രാക്ഷ്സന്മാരെ!
യിനിയെന്നഗ്നി നിർഭയം
കത്തിക്കാളും ജ്വാലകളാം-
കയ്യുയർത്തി വിളിച്ചിതു.
ഹോമധൂമങ്ങളാകാശം
മൂടിയുടനവയ്ക്കുമേൽ
കാണുമാറായ് രാക്ഷസരെ-
ക്കാർമ്മുകിൽ ചാർത്തുപോലവേ.
കഠോരമാം പല്ലിളിച്ചു
കാണിച്ചൂ മിന്നലെന്നപോൽ
ഇടിവെട്ടും മട്ടു ദുഷ്ടർ
ചെയ്തു ഘോരാട്ടഹാസവും.
വർഷിക്കയും ചെയ്തു മാംസ-
കബളം തുപ്പിയെങ്ങുമേ
ലന്ത്പാഴം പോൽ വലുതാം
രക്തബിന്ദുക്കളങ്ങവർ.
എപ്പോഴിതെല്ലാം കാണായി-
തെപ്പോൾ പേടിച്ചു താപസർ
അപ്പോൾ നിറച്ചു കാകുത്സ്ഥ-
രമ്പാലാകാശമണ്ഡലം.
ഇരച്ചുപൊങ്ങിയസ്ത്രങ്ങൾ
ചണ്ഡമാരുത ശക്തിപോൽ
എങ്ങും നിൽക്കാതെയോടിച്ചു
രാക്ഷസപ്പടയെ ദ്രുതം.
ചീറിത്തുടർന്ന ബാണങ്ങ-
ളേറ്റു ചത്ത നിശാചരർ
കരും പാറകൾ പോൽ ദൂരെ-
കാട്ടിലങ്ങങ്ങു വീണിതേ.
സുബാഹുവാം തലവനെ-
ക്കൊന്നുവീഴ്ത്തീ രഘൂത്തമൻ
മാരീചനെന്നവൻ പേടി-
ച്ചോടിപ്പോയ് രക്ഷ തേടിനാൻ.
ലോകത്തിൻ ഹൃദയം പോലെ
തെളിഞ്ഞു വോമമണ്ഡലം
മുനിമാർ മോദമുൾക്കൊണ്ടു
മുടിച്ചു യാഗകർമ്മവും.
പിന്നെ പ്രസന്നനായ് ധന്യൻ
വിശ്വാമിത്രൻ കുമാരരെ
ദീക്ഷാസ്നാനത്താൽ നനഞ്ഞ
മാറിൽ ചേർത്തു തലോടിനാൻ.
വനാശ്രമവിശേഷങ്ങ-
ളാരാരാക്ഷസവധങ്ങളും
അമ്മമാരോടും ചെന്നോതാ-
നൌത്സുക്യം തേടി ബാലകർ.
പുറപ്പെട്ടാനവരുമായ്
പിന്നെ വേഗം മഹാമുനി
വൃഥാകാലം കഴിപ്പീല
വിജ്ഞന്മാരൊരുനാളുമേ.
കാടേറി മുനിയോടൊത്തു
പോകും രാജകുമാരരേ
വിരഹാശ്രു തടഞ്ഞിട്ടു
നോക്കിനിന്നു തപസ്വികൾ.
ഓരോ കഥകളും ചൊല്ലി-
ബ്ബാലരോടൊത്തു നടന്നുടൻ
മിഥിലയ്ക്കുള്ള വഴിയിൽ
മുനി ചെന്നു തിരിഞ്ഞിതു.
കണ്ടൂ കയത്തിൽ ഗഗനം
ബിംബിക്കും ഗംഗയങ്ങിവർ
കരയ്ക്കഹല്യാവനവും
കണ്ടിതാരാമഭംഗിയിൽ.
വിദേഹ ഗുരുവാകുന്ന
ശതാനന്ദന്റെയമ്മയാൾ
അഹല്യ പൂജിച്ചിവരെ-
യയച്ചു മിഥിലയ്ക്കു താൻ.
വിദ്വാൻ വിദേഹനെക്കാണാ-
മെന്നു മോദിച്ചു രാഘവൻ
വീരരാരും കുലയ്ക്കാത്ത
വില്ലങ്ങുണ്ടെന്നറിഞ്ഞുമേ.
അമ്മാർഗ്ഗമായയോധ്യയ്ക്കു
പോകുവാൻ ദൂരമെങ്കിലും
നടന്നു ദാശരഥിമാ-
രുള്ളിലുത്സാഹമാർന്നു താൻ.
വർദ്ധിച്ചുകണ്ടു ജനസ-
ഞ്ചാരം പുരമടുക്കവേ
കായലെത്തുന്ന ചെറിയ
കാട്ടാറിൻ ജലമെന്ന പോൽ.
ഭാരം വണ്ടികളാളൊക്കെ-
തിക്കുമങ്ങാടി കണ്ടിതു
പ്രഭുക്കൾ തണ്ടും രഥവു-
മേറിപ്പോം രഥ്യ കണ്ടിതു.
ദിക് ചക്രവാളം ചൂഴുന്ന
നഭോഭിത്തികളെന്നപോൽ
നഗരാന്തങ്ങളിൽ പൊങ്ങി
നെടും കോട്ടകൾ കണ്ടിതു.
അംബരം മുട്ടിനിൽക്കുന്ന
ഗോപുരാഗ്രങ്ങൾ തന്നിലും
കണ്ടു കിടങ്ങിൽ ബിംബിച്ചു
താഴെയും മേഘമാലകൾ.
ഹിമാലയത്തിൻ ശിഖര-
നിരപോൽ തിങ്ങിയെങ്ങുമേ
കാണുമാറായ് വീഥിതോറും
സൌഥങ്ങൾ പലമാതിരി.
ചലിച്ചു തെരുവിൽ ചിത്ര-
വസ്ത്രമാർന്ന ജനാവലി
നീളെക്കാണായി പുഴയിൽ
പൂന്തോട്ടം നിഴലിച്ചപോൽ.
രസമായ് ഗീതവാദ്യങ്ങൾ
നീട്ടിക്കൊടി പറത്തിയും
ലാത്തീ കാറ്റങ്ങു കളഭ-
സൌരഭ്യങ്ങൾ പരത്തിയും.
കാടും മലകളും പർണ്ണ-
ശാലയും മുനിവൃത്തിയും
കണ്ടുപോന്ന കുമാരർക്കു
കൌതുകം നൽകിയിപ്പുരി.
എന്നല്ലയോദ്ധ്യയിൽ ചെന്നു-
ചേർന്നപോൽ ബാലകർക്കഹോ
എന്തൊന്നില്ലാത്തൊരാനന്ദം
തോന്നീ മിഥില കാണവേ.
വിശ്വാമിത്രന്റെ വരവു
ദൂതർ ചെന്നറിയിക്കയാൽ
വിരവോടെത്തിയവരെ
മന്ത്രിമാരെതിരേറ്റിതു.
ശതാനന്ദനോടൊന്നിച്ച
ശ്രീമാൻ ജനകഭൂപനെ
അഗ്നിശാലയിൽ കണ്ടു
വേറെ രണ്ടഗ്നിപോലിവർ.
ചെയ്താചാരോപചാരങ്ങൾ
ചോദിച്ചു മിഥിലാധിപൻ
എഴുന്നള്ളാൻ പ്രസാദിച്ച-
തെന്തെന്നു മുനിയോടുടൻ.
വത്സരെദ്ദാശരഥിമാ-
രെന്നു കേട്ടാദരിക്കയാൽ
ജനകന്മേലവർക്കുള്ളിൽ
ജനിച്ചു ജനകാദരം.
ഇവർക്കിങ്ങുള്ള വലിയ
വില്ലുകാണ്മാൻ കുതൂഹലം
എന്നോതി, മുനി രാമന്റെ-
യെല്ലാക്കഥയുമോതിനാൻ.
തേജസ്സുകാൺകിലും ചെയ്ത-
വീരവൃത്തികൾ കേൾക്കിലും
തോന്നീല ജനകന്നൊട്ടും
രാമൻ വില്ലേറ്റുമെന്നുടൻ.
എന്നാലുമാജ്ഞയരുളീ
നൃപൻ വന്നെത്തി ചാപവും
ഇരുമ്പുവണ്ടിമേലേറ്റി-
യേറെയാളുന്തി മെല്ലവേ.
വില്ലാം വൻ പാമ്പിനെക്കണ്ടു
കൈക്കരുത്തായ കീരിയെ
വിനയത്തിലാടക്കീടാൻ
വിഷമിച്ചു കുമാരകർ.
അതുകണ്ടു മുനിശ്രേഷ്ഠൻ
കൺ കോണാലാജ്ഞ നൽകിനാൻ
അടുത്തുചെന്നാൻ ശ്രീരാമ-
നങ്ങുനിന്നവർ മാറിനാർ.
കാർകൊണ്ടൽ വർണ്ണനുടനെ
കീഴുമേലൊന്നു നോക്കിനാൻ
മഴവില്ലെന്നപോലേറെ
മഹത്താമദ്ധനുസ്സിനെ.
താടകാരി കുലയ്ക്കും വി-
ല്ലെന്നു കേട്ടു ജനങ്ങളും
തിക്കിത്തിരക്കി വന്നെത്തി
ചുറ്റും നിന്നാഞ്ഞുനോക്കിനാർ.
നിരന്നു വന്മാളികമേൽ
നിന്നു പെണ്ണുങ്ങൾ നോക്കിനാർ
നിലാവിനാൽ വെണ്മ തേടും
നഭസ്സിൽ താരപംക്തിപോൽ.
ഇരുമ്പുതൂണുയർത്തുന്ന
യന്ത്രക്കപ്പി കണക്കഹോ
കുനിഞ്ഞുരാമൻ തെല്ലൊന്നു
നിവർന്നൂ കയ്യിൽ വില്ലൊടും.
തേജസ്വിജനകൻ മുമ്പി-
ലദ്ധനുസ്സേന്തിയങ്ങനെ
മഴമേഘം പോലെ രാമൻ
മോഹനൻ നിന്നു കാൽക്ഷണം.
എന്നിട്ടിടം കയ്യിൽ മാറ്റി-
യൂഴിയിൽ കുത്തി വില്ലഹോ!
കുനിച്ചാൻ കർഷക യുവാ
കരിമ്പിൻ കോലുപോലവൻ.
ഞാൺ വലിച്ചൂ രാമചന്ദ്രൻ
ഞെരിഞ്ഞൂ ചാപമൊന്നുടൻ
ഞൊടിയിൽ രണ്ടായ് മുറിഞ്ഞു
ഞെട്ടിപ്പോയ് കണ്ടുനിന്നവർ.
വിൽ മുറിഞ്ഞരവം ദ്യോവിൽ
ചേർത്തു മാറ്റൊലി വിണ്ണുതാൻ
ലോകൈകവീരൻ ശ്രീരാമ-
നെന്നു ചൊല്ലിയ മാതിരി.
കൈച്ചുറുക്കും രാഘവന്റെ
കരുത്തും കണ്ടുകാണികൾ
അതിരില്ലാതെയാശ്ചര്യം
തേടിയാർത്തുവിളിച്ചിതു.
അത്ഭുതപ്പെട്ടു ജനക-
നാനന്ദാശ്രുപൊഴിഞ്ഞിതു
വിസ്മയം ലക്ഷ്മണൻ താനും
വിശ്വാമിത്രരുമാർന്നിതു.
ഈ വില്ലു കുലയേറ്റുന്ന
വീരനെസ്സീതയെന്മകൾ
വരിച്ചീടേണമെന്നുണ്ടു
പന്തയം വെച്ചിരിപ്പു ഞാൻ.
കേട്ടിരിക്കാം ലോകരെല്ലാ-
മതു ഞാനിന്നു ധന്യനായ്
വത്സൻ ദാശരഥിയ്ക്കെന്റെ
വീരശുൽക്കം ലഭിക്കയാൽ.
എന്നോതിജനകൻ പിന്നെ-
യാജ്ഞാപിച്ചു സ്വയംവരം
പൊന്മേനി സീതയെക്കൊണ്ടു-
വന്നൂ രാജപുരന്ധ്രിമാർ.
കോമളൻ രാമനെക്കണ്ടു
കോൾമയിർക്കൊണ്ടു പൂവുടൽ
കൊച്ചോമനമുഖം സീത
കുനിച്ചരികിൽ നിന്നിതു.
രാമഭദ്രന്റെ കണ്ഠത്തിൽ
പിന്നെയച്ചെറു പെൺകൊടി
അമ്മമാരരുളിച്ചയ്ത-
പോലെ മാലയുമിട്ടിതു.
സീതയാം രോഹിണിയോടും
രാമചന്ദ്രൻ മനോഹരൻ
പരിവേഷ മഹാമാല-
പൂണ്ടുപാരം വിളങ്ങിനാൻ.
അന്തഃപുരത്തേയ്ക്കുടനെ
വീണ്ടുമായമ്മാരൊടും
രാമന്റെ ഹൃദയം കൊണ്ടാ-
രാജപുത്രി ഗമിച്ചിതു.
വിവാഹമംഗളത്തിന്നാ-
യൊരുക്കീ മിഥിലാധിപൻ
അയോദ്ധ്യക്കായന്നുതന്നെ-
യയച്ചു ഗുരുവര്യനെ.
വൃത്താന്തം കേട്ടുമോദിച്ചു
കുടുംബത്തോടെ മോടിയിൽ
പുറപ്പെട്ടു ദശരഥൻ
വസിഷ്ഠനിവരൊക്കെയും.
നാലുനാൾ കൊണ്ടെത്തിയവർ
മിഥിലാപുരസീമയിൽ
നിർത്തീസേനയെ, യങ്ങെത്തി-
യെതിരേറ്റു മഹീപതി.
നഗരത്തിലെഴുന്നള്ളി-
യിവരെന്നതുകേട്ടുടൻ
ശ്രീരാമലക്ഷ്മണന്മാരും
ചെന്നു താണു വണങ്ങിനാർ.
അച്ഛനും മൂന്നമ്മമാരും
ഭ്രാതാക്കൾവർ നാൽവരും
അങ്ങു സന്ധിച്ചപോതുണ്ടാ-
മാനന്ദമരുളാവതോ?
കെട്ടിപ്പുണർന്നിതവര-
ങ്ങന്യോന്യം, ഹൃദയങ്ങളിൽ
കുടുംബസ്നേഹജലധി
കരകുത്തിയിടിച്ചിതു.
വസിഷ്ഠാദികളൊത്തുള്ള
കോസലാധിപനെ സ്വയം
ശതാനന്ദൻ ജനകനും
ശ്രദ്ധവച്ചാദരിച്ചിതു.
എന്നല്ല പിന്നെ സ്നേഹത്താ-
ലവരൊന്നായ് ചമഞ്ഞിതു
സൽക്കാരം സ്വീകരിപ്പാനും
സൽക്കരിപ്പാനുമുള്ളവർ.
പോരാ ദശരഥൻ തന്നെ-
യങ്ങു സർവാധികാരിയായ്,
കൌസല്യതാനമ്മയായി
ജാനകികങ്ങകായിലിൽ.
മഹാകുടുംബങ്ങളിതു
രണ്ടും ചേർന്നു ലയിച്ചിതു
മേളിച്ചൊഴുകിടും രണ്ടു
മഹാനദികൾ പോലവേ.
വിവാഹലഗ്നം മുനിമാർ
വിചാരിച്ചറിവിച്ചിതു
ചൊന്നാനപ്പോൾ ദശരഥൻ
തന്നോടു മിഥിലാധിപൻ.
സീത,യൂർമ്മിളയിച്ചൊന്നോ-
രല്ലാതുണ്ടു മഹീപതേ!
എനിക്കു രണ്ടു പെണ്മക്കൾ
കുശദ്ധ്വജ കുമാരിമാർ.
അവർക്കു വത്സൻ ഭരതൻ
ശത്രുഘ്നനിവർ ചേരുമേ
രാമലക്ഷ്മണ വത്സന്മാർ
മറ്റവർക്കെന്ന പോലവേ.
എല്ലാമങ്ങേടെയിഷ്ടം പോ-
ലെന്നോതി കോസലേശ്വരൻ
എല്ലാവർക്കും സമ്മതമായ്
തീർന്നിതന്നിശ്ചയങ്ങളും.
പരിഷ്കരിച്ചൂ നഗരം
പാറീ കൊടികളെങ്ങുമേ
ഭേരീമൃദംഗ നാദങ്ങൾ
പൊങ്ങീ മംഗളമാം വിധം.
സാമന്തരും മന്ത്രിമാരും
പൌരമുഖ്യരൊക്കെയും
സഭയിൽ തിങ്ങി- ഹോമാഗ്നി-
സംഭരിച്ചൂ പുരോഹിതൻ.
മന്ത്രകോടിയുടുപ്പിച്ചു
മങ്കമാർ ചമയിച്ചുടൻ
മനോജ്ഞമാം മണ്ഡപത്തിൽ
സീതയെക്കൊണ്ടുവന്നിതു
രാമനും മംഗളസ്നാനം
ചെയ്തൊരുങ്ങി വിധിപ്പടി
രാജീവനേത്രയാൾ തന്റെ
വലത്തായ് വന്നുനിന്നിതു.
വിവാഹവേഷം പൂമെയ്യിൽ
പൂണ്ടിബ്ബാലവധൂവരർ
വിസ്മയിപ്പിച്ചു സഭയെ
സ്വതേയതിമനോഹരർ.
പിന്നെച്ചടങ്ങു പലതും
നടന്നൂ, മിഥിലാധിപൻ
സീത തൻ കൈത്തളിർ പിടി-
ച്ചർപ്പിച്ചൂ രാമപാണിയിൽ.
പൊന്മേനിയാൾ പിടിച്ചോരാ-
ക്കർവർണ്ണൻ കൈ ലസിച്ചിതു
പുത്തനായ് പൂത്ത ചെറിയ
കൊന്ന തൻ കൊമ്പു പോലവേ.
പാർത്തോരാനന്ദാശ്രു ചിന്നി-
പ്പൊഴിഞ്ഞൂ പുഷ്പവൃഷ്ടികൾ
പൊങ്ങിയാശീർവാദകോലാ-
ഹലം- മൂർച്ഛിച്ചു വാദ്യവും.
മുഹൂർത്തങ്ങളിവണ്ണം താ-
നോർത്തു മുൻചൊന്നപോലവേ
മൂന്നു സോദരരും മൂന്നു-
മുഗ്ദ്ധാംഗികളെ വേട്ടിതു.
പിന്നെസ്സദ്യകളും മറ്റും
നടന്നൂ പൊടിപൂരമായ്
പിരിവാൻ കാലമായ്- കൂറാൽ
സംബന്ധികൾ കുഴങ്ങിനാർ.
എൻ പുത്രി പോയിരുളാം
വീട്ടിന്നു വിഭവാവലി
എന്തിനെന്നായ് സ്ത്രീധനങ്ങൾ
വിദേഹൻ വാരി നൽകിനാൻ.
പുത്രിമാരെ ദശരഥൻ
കയ്യിലേൽപ്പിച്ചു പാർത്ഥിവൻ
പ്രയാസപ്പെട്ടൊരുവിധം
പിന്നെ യാത്ര വഴങ്ങിനാൻ.
തലോടിയും കൈപിടിച്ചും
തേങ്ങിയും തമ്മിലന്നവർ
തൊഴുതും കണ്ണീർപൊഴിച്ചു-
മാശ്ലേഷിച്ചും പിരിഞ്ഞിതു.
ശൂന്യമായ് തോന്നി മിഥില
ശൂന്യമായ് രാജമന്ദിരം
അതിലും ശൂന്യമായ് ഭൂപ-
ന്നാത്മാ ജാനകി പോകയാൽ.
ആഘോഷമോടയോദ്ധ്യയ്ക്കു
പോമദ്ദശരഥിയെ
വഴിക്കു കണ്ടു കോപിച്ചു
വഴക്കായ് ഭാർഗ്ഗവൻ മുനി.
മഴുവേന്തും രാമനവൻ
മലയാളം നികഴ്ത്തിയോൻ
ക്ഷത്രിയന്മാരെന്നുകേട്ടാൽ
ക്ഷമയില്ലാത്തൊരന്തണൻ.
രാമൻ താനേകനേയാവൂ
രാഘവൻ പേരുമാറ്റണം
രക്ഷയില്ലെങ്കിലെന്നാൻ
രണഭീമൻ തപോധനൻ.
എന്നല്ലിവൻ വിദേഹന്റെ
വില്ലൊടിച്ച മഹാപുമാൻ
എന്റെ വില്ലും കുലയ്ക്കേണ-
മെന്നാമുനി ശഠിച്ചുപോൽ.
പേടിച്ചു കാൽപിടിക്കുന്ന
പിതാവിൽ കൃപയെന്നിയേ
പരുഷം ചൊല്ലുമവനെ-
പ്പിന്നെക്കൂസീല രാഘവൻ.
വില്ലിങ്ങുതരികെന്നാഞ്ഞു
വാങ്ങിനാൻ കുലയേറ്റിനാൻ
വലിച്ചമ്പു തൊടുത്താനാ-
വീര്യവാൻ രഘുനന്ദനൻ.
അയ്യോ! നമ്മെ വധിച്ചേക്കു-
മമാനുഷ യുവാവിവൻ
എന്നുപേടിച്ചു ഭയവു-
മന്നറിഞ്ഞിതു ഭാർഗ്ഗവൻ.
താണുകൂപ്പീടുമവനെ
ക്ഷത്രധർമ്മം നിനച്ചുടൻ
തേജോവധം ചെയ്തു രാമൻ
വിട്ടു വിപ്രത്വമോർത്തുമേ.
ദയ തോന്നും ഭൃഗുസുതൻ
തലതാഴ്ത്തിയതോർക്കുകിൽ
ജാതിവൈരം പുലർത്തുന്ന
ജളന്മാർക്കിതു പാഠമാം.
തൻ മുമ്പിൽ കണ്ട പുത്രന്റെ-
യീയലൌകിക വിക്രമം
താത ദശരഥൻ പൂണ്ട
ധനൃത്വമതിരുള്ളതോ?
വീണിതേ കുമ്പിടും രാമ-
ശിരസ്സിൽ ഹർഷഹേതുവാൽ
താതാശ്രുവും വസിഷ്ഠന്റെ-
യാശീർവചനധാരയും.
മൂക്കിൽ ചേർത്തുള്ള വിരലും
നീക്കീട്ടരികിലെത്തവേ
അമ്മമാരും ജാനകിയു-
മുമ്മവച്ചിതു രാമനെ.
കുടുംബപരിവാരങ്ങ-
ളൊത്തുപോയ് പിന്നെ മന്നവൻ
കൊമ്പൻ കാട്ടാനക്കൂട്ടത്തോ-
ടെന്നപോൽ ഭയമെന്നിയേ.
വേളികഴിഞ്ഞുവേണ്ട വിരുതൊക്കെയുമാർന്നധികം
ലാളിതരാം കുമാരരോടയോദ്ധ്യയിലെത്തി നൃപൻ;
മാളികമേലുമത്തെരുവിലും മിഴിമൂടിവരും
ധൂളി തടുക്കിലും ജനതനിന്നതു നോക്കി സുഖം.
Subscribe to:
Post Comments (Atom)
No comments:
Post a Comment